ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് സ്പെഷലിസ്റ്റായ ചേതേശ്വര്‍ പൂജാരയെ ടീമിലെടുക്കണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ സെലക്ടര്‍മാര്‍ ഈ ആവശ്യം തള്ളിയെന്നും റിപ്പോര്‍ട്ട്. അവസാന നിമിഷം വരെയും പൂജാരയ്ക്കായി ഗംഭീര്‍ നിലപാടെടുത്തെങ്കിലും സെലക്ടര്‍മാര്‍ വഴങ്ങിയില്ല. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ ഇന്ത്യന്‍ ടീമിന്‍റെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് വിവാദം തലപൊക്കിയത്.
ടീം സെലക്ഷനില്‍ തന്‍റെ വാക്കുകള്‍ മുഖവിലയ്ക്കെടുത്തില്ലെന്നും ടീം ഒത്തിണക്കമില്ലെന്നും ഗംഭീറിന് പരാതിയുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെര്‍ത്തിലെ വിജയത്തിന് പിന്നാലെ സെലക്ടര്‍മാരോട് പൂജാരയെ വിളിപ്പിക്കാന്‍ ഗംഭീര്‍ ആവശ്യപ്പെട്ടെങ്കിലും അജിത് അഗാര്‍ക്കര്‍ തള്ളുകയായിരുന്നു. പൂജാരയുണ്ടായിരുന്നുവെങ്കില്‍ ഈ ദയനീയ സ്ഥിതി ഉണ്ടാവില്ലായിരുന്നുവെന്ന് ഇപ്പോള്‍ ശക്തിയുക്തം ഗംഭീര്‍ വാദിക്കുന്നുമുണ്ട്. ഹര്‍ഷിത് റാണയെയും വാഷിങ്ടണ്‍ സുന്ദറെയും ടീമില്‍ നിലനിര്‍ത്താനുള്ള ഗംഭീറിന്‍റെ തീരുമാനത്തോടും സെലക്ടര്‍മാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ലെന്നും ഡ്രസിങ് റൂമിലും ഇതേച്ചൊല്ലി മുറുമുറുപ്പ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പൂജാര ടീമില്‍ ഇല്ലെന്നറിഞ്ഞതില്‍ ആശ്വാസമെന്നായിരുന്നു ജോഷ് ഹേസല്‍വുഡും അന്ന് പ്രതികരിച്ചത്. ഇന്ത്യയ്ക്കായി 103 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ച താരമാണ് പൂജാര. 43.60 ആണ് ശരാശരി. ഓസ്ട്രേലിയയില്‍ രണ്ട് പരമ്പര ജയിച്ച ടീമിലും പൂജാരയുണ്ടായിരുന്നു.
അഞ്ച് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയ 2–1ന് മുന്നിലാണ്. ജനുവരി മൂന്നിന് സിഡ്നിയിലാണ് അഞ്ചാമത്തെയു അവസാനത്തെയും ടെസ്റ്റ്. സിഡ്നിയില്‍ ജയിച്ച് പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യ ലക്ഷ്യമിടുമ്പോള്‍ ആധികാരിക ജയം നേടുകയാണ് ഓസീസിന്‍റെ ലക്ഷ്യം.