സിഡ്നി ടെസ്റ്റ് കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീറിന്‍റെയും അവസാന മല്‍സരമായേക്കുമെന്ന് റിപ്പോര്‍ട്ട്. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ ടീമിന്‍റെ മോശം പ്രകടനമാണ് രോഹിതിന്‍റെയെന്ന പോലെ ഗംഭീറിനും പുറത്തേക്ക് വഴികാട്ടുന്നതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ജൂണില്‍ ട്വന്‍റി20 ലോകകപ്പ് ഇന്ത്യ നേടിയതിന് പിന്നാലെയാണ് ഗംഭീര്‍ കോച്ചായി ചുമതലയേറ്റത്. പിന്നാലെ ശ്രീലങ്കയുമായുള്ള ഏകദിന പരമ്പര ഇന്ത്യ തോറ്റു, ന്യൂസീലന്‍ഡിനോട് ടെസ്റ്റ് പരമ്പരയില്‍ ദയനീയമായി പരാജയപ്പെട്ടു. ഒടുവിലിതാ ഓസ്ട്രേലിയയിലും മോശം പ്രകടനം. പെര്‍ത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വിജയിച്ച് പരമ്പര സമനിലയില്‍ ആക്കിയില്ലെങ്കില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പുറത്താവുകയും ചെയ്യും.
ടീമിലെ കളിക്കാരുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ല കോച്ചെന്നും ആശയവിനിമയം തീരെ പോരെന്നുമാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. രവി ശാസ്ത്രിയുടെയോ, രാഹുല്‍ ദ്രാവിഡിന്‍റെയോ സമയത്തുണ്ടായിരുന്നത് പോലെ ടീമംഗങ്ങളുമായി ഒരുതരത്തിലുമുള്ള ബന്ധവും കോച്ച് പുലര്‍ത്തുന്നില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ടീം സെലക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രോഹിത് , കളിക്കാരുമായി പങ്കുവച്ചിരുന്നു. തികച്ചും സ്വകാര്യമായ സംഭാഷണങ്ങളും ക്യാപ്റ്റന്‍ നടത്തിവന്നിരുന്നു. എന്നാല്‍ ഗംഭീര്‍ ജൂലൈയില്‍ ചുമതലയെടുത്തതിന് പിന്നാലെ ഇതിന് വിലക്കേര്‍പ്പെടുത്തിയെന്നും ടീമില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്നും, ടീമിനായി എന്ത് ചെയ്യണമെന്നുമടക്കമുള്ള സംസാരം രോഹിത് നിര്‍ത്തിയെന്നുമാണ് വെളിപ്പെടുത്തല്‍. ഇത്തരം കാര്യങ്ങള്‍ കളിക്കാരോട് പങ്കുവയ്ക്കേണ്ടതില്ലെന്ന നിലപാടാണ് ഗംഭീര്‍ സ്വീകരിച്ചതെന്നാണ് സൂചന. പ്ലേയിങ് ഇലവനിലുണ്ടാകുമോ ഇല്ലയോ എന്നതില്‍ വ്യക്തതയില്ലാത്തതും ഗംഭീറിന്‍റെ നിരന്തര പരീക്ഷണവും കളിക്കാരെ മാനസികമായി തളര്‍ത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
'ഗംഭീറിന് നിലവിലെ ടീമംഗങ്ങളെ വലിയ വിശ്വാസമില്ലെന്നാണ് കരുതേണ്ടത്. അത് മുതിര്‍ന്ന താരങ്ങളായ രോഹിതിന്‍റെയും കോലിയുടെയും കാര്യത്തിലായാലും പുതുമുഖങ്ങളായ ഹര്‍ഷിതിന്‍റെയും നിതിഷ് റെഡ്ഡിയുടെ കാര്യത്തിലാണെങ്കിലും. ഇത് ഗംഭീറിന്‍റെ പെരുമാറ്റത്തില്‍ പ്രകടവുമാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. സിഡ്നി ടെസ്റ്റ് കഴിഞ്ഞാല്‍ പിന്നാലെ അടുത്ത മാസം ചാംപ്യന്‍സ് ട്രോഫിയുണ്ട്. ടീം മെച്ചപ്പെട്ടില്ലെങ്കില്‍ ഗംഭീറിന് കോച്ച് സ്ഥാനം നഷ്ടമാകുമെന്ന് ബിസിസിഐ ഉന്നതനും വെളിപ്പെടുത്തുന്നു.
സെലക്ഷന്‍ കമ്മിറ്റിയുമായും ഗംഭീര്‍ ഇടഞ്ഞാണ് നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഓസീസ് പര്യടനത്തിനായി ചേതേശ്വര്‍ പൂജാരയ്ക്കായി ഗംഭീര്‍ വാശി പിടിച്ചുവെന്നും സെലക്ടര്‍മാര്‍ അനുവദിച്ചില്ലെന്നും പെര്‍ത്തിലെ വിജയത്തിന് ശേഷവും ഗംഭീര്‍ പൂജാരയെ വിളിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. 'ഗംഭീര്‍ ഒരിക്കലും ബിസിസിഐയുടെ ഇഷ്ടക്കാരനായിരുന്നില്ല. ദ്രാവിഡ് ഒഴിഞ്ഞപ്പോള്‍ വിവിഎസ് ലക്ഷ്മണിനെയും മറ്റ് വിദേശതാരങ്ങളെയുമാണ് ബിസിസിഐ ഉദ്ദേശിച്ചിരുന്നത്. മൂന്ന് ഫോര്‍മാറ്റിനും ചേരുന്ന ആളല്ല ഗംഭീറെന്നും ഒടുവില്‍ ഒത്തുതീര്‍പ്പെന്ന നിലയിലാണ് ഗംഭീറിനെ ഇന്ത്യന്‍ കോച്ചായി പ്രഖ്യാപിച്ചതെന്നും ബിസിസിഐ ഉന്നതന്‍ കൂട്ടിച്ചേര്‍ത്തു.