മെല്‍ബണിലെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയും കോച്ച് ഗൗതം ഗംഭീറും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവരുന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് നേര്‍ക്കുനേര്‍ കണ്ടിട്ടും ഇരുവരും സംസാരിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ബുംറയുമായി ഗംഭീര്‍ സംസാരിക്കുന്നതിനിടെയാണ് രോഹിത് ഗ്രൗണ്ടിലേക്ക് എത്തിയത്. വിഡിയോ അനലിസ്റ്റുമായി സംസാരിച്ച് നിന്ന രോഹിത് അവിടെ തന്നെ നില്‍ക്കുകയായിരുന്നു. ഗംഭീറിന്‍റെ 'ഗുഡ്ലിസ്റ്റി'ല്‍ നിന്നും രോഹിത് പുറത്തായെന്ന് വേണം മനസിലാക്കാനെന്നും അതിന്‍റെ ഭാഗമാണ് അവഗണനയെന്നും ആരാധകരും പറയുന്നു.
ടോപ് ഓര്‍ഡറുകാരുടെ നെറ്റ്സ് പ്രാക്ടീസ് പൂര്‍ത്തിയായതിന് പിന്നാലെ രോഹിത് നെറ്റ്സിലെത്തി. മെല്‍ബണിലും രോഹിത് ഇങ്ങനെ തന്നെയാണ് ചെയ്തത്. വെറും അര മണിക്കൂര്‍ മാത്രമാണ് രോഹിത് പരിശീലനം നടത്തിയതെന്നും ഹിറ്റ്മാന്‍റെ നിഴലാണ് കാണാന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പന്തുകളെ വളരെ മെല്ലെയാണ് രോഹിത് നേരിട്ടതെന്നും രോഹിത് പരിശീലനം നടത്തിയ നേരമത്രയും ഗംഭീര്‍ മാറി നിന്നുവെന്നും ബുംറയ്ക്കും അഗാര്‍ക്കറിനുമൊപ്പം മടങ്ങിയിട്ടും ഗംഭീര്‍ ഗ്രൗണ്ടില്‍ തുടര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്സിലെ പരിശീലനം കഴിഞ്ഞ് ടീം അംഗങ്ങളെല്ലാവരും എക്സിറ്റ് ഡോര്‍ വഴി ബസിലേക്ക് എത്തിയെങ്കിലും രോഹിത് വേറെ ഗേറ്റ് വഴിയാണ് ബസിന് സമീപത്തേക്ക് എത്തിയതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെര്‍ത്തില്‍ ടീമിനൊപ്പമില്ലാതിരുന്ന രോഹിത് തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് പരമ്പരയില്‍ പുറത്തെടുത്തത്. ടെസ്റ്റ് മല്‍സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലും രോഹിത് ഇല്ലാതെയാണ് ഗംഭീര്‍ എത്തിയത്. രോഹിതിനെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ 'രോഹിത് നന്നായിരിക്കുന്നു, കളിക്ക് മുന്‍പുള്ള വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ എത്തണമെന്ന ചട്ടമുള്ളതായി അറിയില്ല. മുഖ്യ പരിശീലകന്‍ ഇവിടെയുണ്ട്. അത് ധാരാളമാണ്. വിക്കറ്റെങ്ങനെയെന്ന് നോക്കിയ ശേഷം അന്തിമ തീരുമാനം ഇന്ന് കൈക്കൊള്ളുമെന്നായിരുന്നു ഗംഭീറിന്‍റെ മറുപടി. പിന്നാലെ സിഡ്നി ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചുവെന്നും ജസ്പ്രീത് ബുംറ ടീമിനെ നയിക്കുമെന്നും ഔദ്യോഗിക റിപ്പോര്‍ട്ടും പുറത്തുവന്നു.
ശുഭ്മന്‍ ഗില്ലും പ്രസിദ്ധ്കൃഷ്ണയും സിഡ്നിയില്‍ കളിക്കും. പുറത്തിന് പരുക്കേറ്റ ആകാശ് ദീപും പ്ലേയിങ് ഇലവനിലുണ്ടാവില്ല. നാളെയാണ് സിഡ്നി ടെസ്റ്റിന് തുടക്കമാവുക. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇറങ്ങുന്നത്.