സിഡ്നി ടെസ്റ്റില്‍ ഇന്ത്യ വീണ്ടും പ്രതിരോധത്തില്‍. ഒന്നാമിന്നിങ്സില്‍ നാലുറണ്‍സിന്‍റെ ലീഡ് നേടിയ സന്ദര്‍ശകര്‍ രണ്ടാമിന്നിങ്സിലും ബാറ്റിങ്ങില്‍ പതറി. രണ്ടാംദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ആറുവിക്കറ്റിന് 141 റണ്‍സ് എന്ന നിലയിലാണ്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചറി ഒഴിച്ചാല്‍ മറ്റെല്ലാ മുന്‍നിര ബാറ്റര്‍മാരും പരാജയമായി. വെറും 29 പന്തില്‍ 50 റണ്‍സെടുത്ത പന്തിന്‍റെ ആട്ടം അധികം നീണ്ടില്ല. ഇരുപത്തിമൂന്നാം ഓവറില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് പന്തിനെ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയുടെ കൈകളിലെത്തിച്ചു. 33 പന്തില്‍ 61 റണ്‍സായിരുന്നു പന്തിന്‍റെ സംഭാവന. അപ്പോഴത്തെ ഇന്ത്യന്‍ സ്കോറിന്‍റെ പകുതിയും പന്തിന്‍റെ ബാറ്റില്‍ നിന്നായിരുന്നു.
ഒന്നാമിന്നിങ്സ് ലീഡ് നേടിയ ആത്മവിശ്വാസത്തില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ നിര തുടക്കം മുതല്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ജയ്സ്വാള്‍ നാല് ബൗണ്ടറികളോടെയാണ് തുടങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ സ്കോര്‍ 42 റണ്‍സില്‍ നില്‍ക്കേ സഹ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ ബോളണ്ടിന്‍റെ പന്തില്‍ ക്ലീന്‍ ബോള്‍ഡ്! ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂടി എത്തിയപ്പോഴേക്കും ജയ്സ്വാളും ബോളണ്ടിന് കീഴടങ്ങി. സംഭാവന 35 പന്തില്‍ 22 റണ്‍സ്. ഓപ്പണര്‍മാരെപ്പോലെ ശുഭ്മന്‍ ഗില്ലിനും ക്ഷമയില്ലായിരുന്നു. വെബ്സ്റ്ററുടെ പന്തില്‍ കാരിക്ക് ക്യാച്ച്! ഗില്ലും രാഹുലും 13 റണ്‍സ് വീതമെടുത്താണ് പുറത്തായത്. വിരാട് കോലി വന്നതുപോലെ പോയി. 12 പന്തില്‍ 6 റണ്‍സ്. ബോളണ്ടിന്‍റെ പന്തില്‍ സ്മിത്തിന് ക്യാച്ച്.
പിന്നീടാണ് ഋഷഭ് പന്ത് വിളയാട്ടം തുടങ്ങിയത്. നേരിട്ട ആദ്യപന്ത് സിക്സറിന് പറത്തിയ പന്ത് മല്‍സരം ട്വന്‍റി ട്വന്‍റി ആണോയെന്ന് തോന്നിപ്പിച്ചു. 4 സിക്സും 6 ഫോറും പന്തിന്‍റെ ബാറ്റില്‍ നിന്ന് പറന്നു. പക്ഷേ കളിക്കുന്നത് ടെസ്റ്റാണെന്നും എതിരാളികള്‍ ഓസ്ട്രേലിയ ആണെന്നും മൂന്നുദിവസം കൂടി ബാക്കിയുണ്ടെന്നും മറന്ന പന്ത് അതിവേഗം കമിന്‍സിന്‍റെ കെണിയില്‍ വീണു. ഇരുപത്തിമൂന്നാം ഓവറില്‍ പന്ത് പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ അഞ്ചിന് 124. പന്തിന് പകരക്കാരനായെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിക്കും പിടിച്ചുനില്‍ക്കാനായില്ല. ബോളണ്ടിന്‍റെ പന്തില്‍ കമിന്‍സിന് ക്യാച്ച്.
രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. ഇരുവരും ക്ഷമയോടെ കളിക്കുന്നത് മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ. പക്ഷേ മൂന്നാംദിവസം മുഴുവന്‍ ബാറ്റ് ചെയ്യാന്‍ അവശേഷിക്കുന്ന ഇന്ത്യന്‍ നിരയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ മല്‍സരവും പരമ്പരയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇടവും കരസ്ഥമാക്കാന്‍ ഓസ്ട്രേലിയയ്ക്ക് അധികം അധ്വാനം വേണ്ടിവരില്ല.