മൂന്ന് ദിവസം കൊണ്ടാണ് സിഡ്നി ടെസ്റ്റ് അവസാനിച്ചത്. വിക്കറ്റ് വീണുകൊണ്ടിരുന്ന പിച്ചില്‍ ഇന്ത്യയ്ക്ക് ജസ്പ്രിത് ബുംറ കൂടി ഇല്ലാതിരുന്നതോടെ കാര്യമായൊന്നും രണ്ടാം ഇന്നിങ്സില്‍ ചെയ്യാനായില്ല. ആദ്യം ദിനം 11 വിക്കറ്റും രണ്ടാം ദിവസം 15 വിക്കറ്റും സിഡ്നിയില്‍ വീണു. അവസാന ദിവസം എട്ട് വിക്കറ്റെടുത്ത പിച്ചാണ് സിഡ്നിയിലേത്. ഈ സംഭവത്തെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍.
സിഡ്നിയിലെ പിച്ച് ടെസ്റ്റ് മാച്ചിന് അനുയോജ്യമായ പിച്ചല്ലെന്നാണ് സുനില്‍ ഗവാസ്കര്‍ പറയുന്നത്. പിച്ച് കണ്ടപ്പോൾ തോന്നുന്നത് പശുക്കൾക്ക് പോയി അതിൽ മേയാൻ കഴിയുമെന്നാണ് എനിക്ക് തോന്നിയതെന്ന് എബിസി സ്‌പോർട്ടിലെ കമന്‍ററിക്കിടെ സുനിൽ ഗവാസ്‌കർ പറഞ്ഞു. ഇത് ടെസ്റ്റിന് അനുയോജ്യമായ പിച്ചല്ല, മഴയില്ലെങ്കില്‍ നാലാം ദിവസത്തേക്ക് മത്സരം നീങ്ങില്ലെന്നും കഴിഞ്ഞ ദിവസത്തെ കമന്‍ററിക്കിടെ അദ്ദേഹം പറഞ്ഞിരുന്നു.
'ഇത് ഇന്ത്യന്‍ പിച്ചിലായിരുന്നു സംഭവിച്ചിരുന്നതെങ്കില്‍ എന്തൊക്കെ കാണേണ്ടി വന്നേനെ. ഇതുവരെ ഏതെങ്കിലും മുന്‍ ഇന്ത്യന്‍ താരം വിദേശ പിച്ചുകളെ വിമര്‍ശിക്കുന്നത് കണ്ടിട്ടുണ്ടോ?. ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്‍റെയും മുന്‍ താരങ്ങള്‍ എപ്പോഴും ഇന്ത്യന്‍ സാഹചര്യത്തെ പറ്റി പറഞ്ഞുകൊണ്ടിരിക്കും. ഞങ്ങള്‍ ഇങ്ങനെ കുറ്റം പറഞ്ഞിരിക്കാറില്ല. വിദേശത്താണ് കളിക്കുന്നത് എന്ന സാഹചര്യം അംഗീകരിക്കുന്നതാണ് രീതി. എന്നാല്‍ ഒരു ദിവസം ഇന്ത്യന്‍ പിച്ചിലായിരുന്നു 15 വിക്കറ്റ് വീണതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി' സുനില്‍ ഗവാസ്കര്‍ ചോദിച്ചു.
സിഡ്നി ടെസ്റ്റില്‍ ആറു വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. അഞ്ചുമല്‍സരങ്ങളുടെ പരമ്പര ഓസീസ് 3–1ന് സ്വന്തമാക്കി. ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായി. 162 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പ്രസിദ്ധ് കൃഷ്ണ മൂന്നും സിറാജ് ഒന്നും വീതം വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 157 റണ്‍സിന് പുറത്തായി. സ്കോട് ബോളന്റ് 45 റണ്‍സ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തി. ഇന്നലെ സ്കാനിങ്ങിന് വിധേയനായ ജസ്പ്രീത് ബുംറ ഇന്ന് ബാറ്റിങ്ങിനിറങ്ങിയെങ്കിലും ബോള്‍ ചെയ്യാന്‍ ഇറങ്ങിയില്ല.