ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനായി എത്തുമ്പോള്‍ രാഹുല്‍ ദ്രാവിഡിന് മുന്‍പുള്ള ടീമിന്‍റെ തുടര്‍ച്ച പ്രതീക്ഷിച്ചതെങ്കിലും കാര്യങ്ങള്‍ അത്ര സുന്ദരമല്ല. ഗംഭീരമാക്കുമെന്ന് കരുതിയ ഗംഭീറിന് കീഴില്‍ ഏകദിനത്തിലും ടെസ്റ്റിലും തുടരെ തോല്‍ക്കുന്ന ഇന്ത്യയെയാണ് കാണുന്നത്. ശ്രീലങ്കയിലും ഓസ്ട്രേലിയയോടും ന്യൂസിലാന്‍ഡിനോടും നാണംകെട്ട തോല്‍വിയാണ് ഗംഭീറിന്‍റെ കാലത്ത് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. 

ഗംഭീറിന്‍റെ ആദ്യ പരീക്ഷണം ശ്രീലങ്കയിലായിരുന്നു. ഏകദിന പരമ്പരയില്‍ രണ്ട് കളിയും തോറ്റ് ഇന്ത്യ നാട്ടില്‍ തിരിച്ചെത്തി. 27 വര്‍ഷത്തിന് ശേഷമായിരുന്നു ഇന്ത്യ ശ്രീലങ്കയില്‍ ഒരു ഏകദിന പരമ്പര തോല്‍ക്കുന്നത്. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റില്‍ മൂന്നിലും തോറ്റ് സംപൂജ്യരായി ഇന്ത്യ. 2012 ന് ശേഷം ഇതുവരെ ഹോം ഗ്രൗണ്ടില്‍ ടെസ്റ്റ് തോല്‍ക്കാതിരുന്ന ടീമിനെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ ആദ്യ ടെസ്റ്റ് സീരീസ് സ്വന്തമാക്കി. ഇതിനിടെ ഇന്ത്യ ബംഗ്ലാദേശിനെ രണ്ട് ടെസ്റ്റില്‍ തോല്‍പ്പിക്കുകയും ചെയ്തു.  

ഓസ്ട്രേലിയയില്‍ ബോര്‍ഡര്‍–ഗവാസ്ക്കര്‍ ട്രോഫി കളിക്കാനെത്തിയ ഇന്ത്യ പെര്‍ത്തില്‍ 295 റണ്‍സിന്‍റെ വലിയ വിജയം ആദ്യ ടെസ്റ്റില്‍ സ്വന്തമാക്കി. പിന്നീട് അങ്ങോട്ട് കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്ക് വന്നില്ല. പെര്‍ത്തില്‍ ഓസീസിന്‍റെ ആദ്യ തോല്‍വിയായിരുന്നു ഇത്. എന്നാല്‍ 3-1 ന് ഓസീസിന് മുന്നില്‍ ഇന്ത്യ സീരീസ് അടിയറവ് വച്ചു.

തുടര്‍ച്ചയായ രണ്ട് ടെസ്റ്റ് സീരിസില്‍ മൂന്ന് മത്സരങ്ങള്‍ ഇന്ത്യ തോല്‍ക്കുന്നത്  46 വര്‍ഷത്തിന് ശേഷമാണ്. 1976 ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന സീരിസിലെ 3-1 തോല്‍വിയും പിന്നീട് ഓസ്ട്രേലിയയില്‍ നടന്ന സീരിസിലെ 3-2 തോല്‍വിക്കും ശേഷമാണ് ഗംഭീറിന്‍റെ കാലത്ത് ഇന്ത്യ നാണംകെടുന്നത്. .  

ഗംഭീറിനെതിരെ വലിയ വികാരമാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കോച്ച് എന്ന നിലയിലുള്ള ഗംഭീറിന്‍റെ പ്രകടനത്തെ ചോദ്യം ചെയ്യുകയാണ് ആരാധകര്‍ എക്സില്‍. 'ഇന്ത്യ കഴിഞ്ഞ വര്‍ഷം ലോകകപ്പ് കളിച്ചു, ടീമില്‍ കാര്യമായ മാറ്റമൊന്നുമില്ല. രാഹുല്‍ ദ്രാവിഡ് വിരമിച്ചത് മാത്രമാണ് മാറ്റം. ഗൗതം ഗംഭീര്‍ കോച്ചായി എത്തിയതോടെ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും തോല്‍ക്കുകയാണ്' എന്നാണ് ഒരു എക്സ് അക്കൗണ്ടില്‍ നിന്നുള്ള കമന്‍റ്. 

'എന്തുകൊണ്ടാണ് ഗംഭീറിൻ്റെ പരാജയത്തെക്കുറിച്ച് ആരും സംസാരിക്കാത്തത്. ഒരു പ്രൊബേഷൻ പിരീഡ് ഉണ്ട്, ഇന്ത്യന്‍ ടീമിലേക്ക് സ്ഥിര ജോലി ലഭിക്കാന്‍ സാധ്യതയില്ല' എന്നാണ് മറ്റൊരു അക്കൗണ്ടിലെ അഭിപ്രായം. രാഹുൽ ദ്രാവിഡ് ഉള്ളത് വരെ എല്ലാം ശരിയായിരുന്നു എന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞത്. 'ഇന്ത്യ ലോകകപ്പ് നേടി, എല്ലാം ശരിയായിരുന്നു. പക്ഷേ പെട്ടെന്ന് എന്താണ് സംഭവിച്ചത്?' ഗൗതം ഗംഭീറിൻ്റെ കോച്ചിങ് കാലത്തെ തോല്‍വികളെ ഹർഭജനും ചൂണ്ടിക്കാട്ടി.

നേരത്തെ ഗംഭീറിന് ട്വന്‍റി 20 പരിശീലക സ്ഥാനം മാത്രമെ നല്‍കാന്‍ പാടുള്ളൂ എന്നൊരു വാദമുണ്ടായിരുന്നു. ട്വന്‍റി20യില്‍ ക്യാപ്റ്റനായും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെയും ലഖ്‌നൗ സൂപ്പർജയന്‍റെയും ഉപദേശകനായും ഗംഭീര്‍ തിളങ്ങിയിരുന്നു. ചാംപ്യന്‍സ് ട്രോഫിക്ക് ശേഷവും ഗംഭീറിന്‍റെ പ്രകടനം മോശമാണെങ്കില്‍ പുറത്തേക്ക് പോകുമെന്ന് നേരത്തെ ബിസിസിഐ ഉന്നതന്‍ വെളിപ്പെടുത്തിയിരുന്നു. 

'ഗംഭീറിന് നിലവിലെ ടീമംഗങ്ങളെ വലിയ വിശ്വാസമില്ലെന്നാണ് കരുതേണ്ടത്. അത് മുതിര്‍ന്ന താരങ്ങളായ രോഹിതിന്‍റെയും കോലിയുടെയും കാര്യത്തിലായാലും പുതുമുഖങ്ങളായ ഹര്‍ഷിതിന്‍റെയും നിതിഷ് റെഡ്ഡിയുടെ കാര്യത്തിലാണെങ്കിലും. ഇത് ഗംഭീറിന്‍റെ പെരുമാറ്റത്തില്‍ പ്രകടവുമാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. സിഡ്നി ടെസ്റ്റ് കഴിഞ്ഞാല്‍ പിന്നാലെ അടുത്ത മാസം ചാംപ്യന്‍സ് ട്രോഫിയുണ്ട്. ടീം മെച്ചപ്പെട്ടില്ലെങ്കില്‍ ഗംഭീറിന് കോച്ച് സ്ഥാനം നഷ്ടമാകും' എന്നാണ് അദ്ദേഹം പറഞ്ഞത്. 

ENGLISH SUMMARY:

India Sets Embarrassing Record After 46 Years with Loss to Australia