ജസ്പ്രിത് ബുംറയ്ക്ക് പരിക്കേറ്റതോടെ ഇന്ത്യന്‍ പേസ് നിര ക്ഷീണത്തിലാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ട്വന്‍റി 20യും മൂന്ന് ഏകദിനവും ബുംറയ്ക്ക് നഷ്ടമാകും എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വരുന്ന ചാംപ്യന്‍സ് ട്രോഫിയിലും താരത്തിന്‍റെ പ്രാതിനിധ്യം സംശയത്തിലാണ്. പേസര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നതാണ് പുറത്തു വരുന്ന സൂചന.
നെറ്റ്സില്‍ പരിശീലനം നടത്തുന്നൊരു വിഡിയോ ഷമി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. പരിക്കിന്‍റെ ലക്ഷണങ്ങളില്ലാതെ നെറ്റ്സില്‍ പന്തെറിയുന്ന ഷമി മിഡില്‍ സ്റ്റംപ് എറിഞ്ഞിടുന്നത് കാണാം. 27 സെക്കന്‍റ് വിഡിയോയാണ് ഷമിയുടെ പങ്കുവച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20, ഏകദിന മത്സരത്തിലുള്ള ടീമിലും ശേഷം ചാംപ്യന്‍സ് ലീഗ് ടീമിലേക്കും ഷമി എത്തുമെന്നാണ് സൂചന.
2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം കാല്‍ക്കുഴക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ഷമി ടീമിന് പുറത്തായത്. ശസ്ത്രക്രിയക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ് താരം. കഴിഞ്ഞ വർഷം നവംബറിൽ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഷമി രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിച്ച് തുടങ്ങിയിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ശേഷം ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഷമിയെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അഞ്ച് ദിവസത്തെ ടെസ്റ്റ് കളിക്കാനുള്ള ഫിറ്റ്നസ് ഷമിക്കില്ലെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 32 വിക്കറ്റുമായി ഇന്ത്യന്‍ പേസ് നിരയെ നയിച്ചത് ജസ്പ്രീത് ബുംറയായിരുന്നു. ബുംറയ്ക്കൊപ്പം പരിചയ സമ്പന്നനായ പേസറുടെ അഭാവം പരമ്പരയില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.