ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ ഇന്ത്യയുടെ ദയനീയ പരാജയത്തിന് പിന്നാലെ വിമര്‍ശനമേറ്റുവാങ്ങുന്ന മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ തുണച്ച് ടീമംഗം ഹര്‍ഷിത് റാണ. വ്യക്തിപരമായ ഇഷ്ടക്കേടുകളുടെയും അരക്ഷിതാവസ്ഥകളുടെയും പേരില്‍ ഒരാളെ വിമര്‍ശിക്കുന്നത് ശരിയല്ല. സ്വന്തം കാര്യത്തെക്കാള്‍ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്ന വ്യക്തിയാണ് ഗംഭീറെന്നും കോച്ചിന്‍റെ ചിത്രം സഹിതം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് ഹര്‍ഷിത് കുറിച്ചു. 'വ്യക്തിപരമായ അരക്ഷിതാവസ്ഥകളുടെ പേരില്‍ ഒരാളെ വിമര്‍ശിക്കുന്നത് ശരിയല്ല. സ്വന്തം കാര്യത്തെക്കാള്‍ മറ്റുള്ളവരെ കുറിച്ചാണ് ഗൗതി ഭയ്യ എപ്പോഴും ചിന്തിക്കുന്നത്. തളര്‍ന്ന് പോകുമ്പോഴെല്ലാം ടീം അംഗങ്ങളെ താങ്ങുകയും മുന്നിലേക്ക് കൊണ്ടുവരികയും ചെയ്യാന്‍ അദ്ദേഹം മടിക്കാറില്ല. പലവട്ടം അദ്ദേഹം അത് ചെയ്തിട്ടുണ്ട്. കളി എങ്ങനെ നമ്മുടെ വരുതിയിലേക്ക് കൊണ്ടുവരണമെന്നത് സംബന്ധിച്ച് നല്ല ധാരണയുള്ള ആളാണ് അദ്ദേഹം– ഹര്‍ഷിത് കുറിച്ചു.
നേരത്തെ കൊല്‍ക്കത്ത നൈറ്റ റൈഡേഴ്സ് താരമായ നിതീഷ് റാണയും ഗംഭീറിനെ പിന്തുണച്ച് സംസാരിച്ചിരുന്നു. 'വിമര്‍ശനം വസ്തുകളെ അടിസ്ഥാനമാക്കി ആവണം. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും താന്‍പോരിമയില്ലാത്ത വ്യക്തിയാണ് ഗൗതി ഭയ്യ. കഠിനമായ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം മറ്റാരെക്കാളും ഒപ്പം നില്‍ക്കും. പ്രകടനത്തിന് പിആര്‍ വര്‍ക്കിന്‍റെ ആവശ്യമില്ല. കിരീടങ്ങള്‍ അതിന് സാക്ഷിയാണ് എന്നായിരുന്നു എക്സില്‍ നിതീഷ് കുറിച്ചത്. കൊല്‍ക്കത്തയുടെ മുന്‍ മെന്‍ററായിരുന്നു ഗൗതം ഗംഭീര്‍.
രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഗംഭീര്‍ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. പിന്നാലെ ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ തോറ്റു. ന്യൂസീലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലും വന്‍ തോല്‍വിയുണ്ടായി. ഒടുവില്‍ അഞ്ച് ടെസ്റ്റുകളുടെ ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയിലും ഇന്ത്യ ദയനീയമായി തോറ്റു. ഇതോടെയാണ് ആരാധകരും മുന്‍താരങ്ങളുമടക്കം ടീമിനെയും കോച്ചിനെയും നിര്‍ത്തിപ്പൊരിക്കാന്‍ തുടങ്ങിയത്. ഗംഭീര്‍ ടീമിലെത്തിയതോടെ ആശയവിനിമയം കാര്യക്ഷമമല്ലെന്നും ടീമിന്‍റെ ഒത്തിണക്കം നഷ്ടപ്പെട്ടുവെന്നുമാണ് പ്രധാനമായി ഉയര്‍ന്ന വിമര്‍ശനം.