കരുണ്‍ നായര്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പൊളിച്ചെഴുത്തിന്‍റെ കാലം വരുമ്പോള്‍ ടീമില്‍ പ്രതീക്ഷയോടെ നോക്കിയിരിക്കുകയാണ് മലയാളി താരം കരുണ്‍ നായര്‍. നടന്നുകൊണ്ടിരിക്കുന്ന വിജയ്ഹസാരെ ട്രോഫിയിലെ പ്രകടനമാണ് സെലക്ടര്‍മാരുടെ കണ്ണിലേക്ക് കരുണ്‍ നായരെ കൊണ്ടെത്തിച്ചത്. വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയിലും തുടര്‍ന്ന് നടക്കേണ്ട ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്കും കരുണ്‍ നായരെ ഉള്‍പ്പെടുത്തിയേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ടെസ്റ്റിലെ മോശം ഫോമും വിരമിക്കല്‍ ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് കരുണ്‍ നായരെ ടീമിലെത്തിക്കാന്‍ സെലക്ടര്‍മാര്‍ താല്‍പര്യപ്പെടുന്നതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിവര്‍ത്തനത്തിന്‍റെ പാതയിലാണ്. വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റില്‍ ബുദ്ധിമുട്ടുകയാണ്. കരുണ്‍ നായരില്‍ സെലക്ടര്‍മാര്‍ക്ക് വലിയ താല്‍പര്യമുണ്ട്' എന്നാണ് റിപ്പോര്‍ട്ട്

ടെസ്റ്റ് ടീമിലേക്ക് കരുണ്‍ നായര്‍ തിരിച്ചെത്തിയാല്‍ മധ്യനിരയില്‍ ഇത് ടീമിന് കരുത്താനും. വിരാട് കോലിയുടെ മോശം ഫോം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന സമയത്ത് കരുണ്‍ നായര്‍ മികച്ച തിരഞ്ഞെടുപ്പാകുമെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം സെലക്ഷൻ കമ്മിറ്റി പരിഗണിച്ചാല്‍ ചാമ്പ്യൻസ് ട്രോഫി ടീമിലും കരുണ്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

വിജയ്‍ ഹസാരെ ട്രോഫിയില്‍ അവസാന ആറു ഇന്നിങ്സില്‍ അഞ്ച് സെഞ്ചറിയാണ്  (112*, 44*, 163*, 111*, 112*, 122*)  കരുണ്‍ നായര്‍ നേടിയത്. 600 റണ്‍സാണ് കരുണ്‍ നായര്‍ പുറത്താകാതെ നേടിയത്. ആഭ്യന്തര ക്രിക്കറ്റില്‍ പുറത്താകാതെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇതോടെ കരുണ്‍ നായരുടെ പേരിലാണ്. 

തമിഴ്നാടിന്‍റെ നാരായണ്‍ ജഗദീഷിന് ശേഷം അഞ്ച് സെഞ്ചറി നേടുന്ന താരവുമാണ് കരുണ്‍ നായര്‍. ഇതുവരെ മൂന്ന് താരങ്ങള്‍ മാത്രമാണ് ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാല് സെഞ്ചറി  നേടിയത്. ഇതിലൊരാളാണ് കരുണ്‍ നായര്‍. താരത്തിന്‍റെ പ്രകടനത്തിന്‍റെ ബലത്തില്‍ വിദര്‍ഭ സെമി ഫൈനലിലെത്തിയിട്ടുണ്ട്. 

എട്ട് വര്‍ഷം മുന്‍പാണ് വരുണ്‍ നായര്‍ അവസാനമായി ഇന്ത്യയ്ക്ക് കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ 2016 ലാണ് കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്.

ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 303 റണ്‍സ് നേടിയ പ്രകടനം അടക്കം കരിയറിലുണ്ടെങ്കിലും കൂടുതല്‍ കാലം കരുണ്‍ നായര്‍ക്ക് ഇന്ത്യക്കായി കളിക്കാനായില്ല. ആറു ടെസ്റ്റ് മാത്രം കളിച്ച താരത്തിന്‍റെ ഏക സെഞ്ചറി പ്രകടനവും 303 റണ്‍സാണ്. 2017 ല്‍ ഓസ്ട്രേലിയയ്ക്ക് എതിരെ കളിച്ച ടെസ്റ്റാണ് കരുണ്‍ നായരുടെ അവസാന രാജ്യാന്തര മത്സരം. 

ENGLISH SUMMARY:

Malayali cricketer Karun Nair is being seen as a promising talent during a transformative phase for the Indian cricket team. His performance in the ongoing Vijay Hazare Trophy has caught the attention of the selectors. Reports suggest that Karun Nair might be included in the squad for the upcoming Champions Trophy and the Test team for the subsequent England tour.