ചാംപ്യന്‍സ്ട്രോഫി ടീമിനെ പ്രഖ്യാപിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ വന്‍ പൊട്ടിത്തെറിയുണ്ടായതായി റിപ്പോര്‍ട്ട്. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടുവെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുഖ്യ സെലക്ടറായ അജിത്ത് അഗാര്‍ക്കറും ഋഷഭ് പന്ത് മതിയെന്ന് നിലപാടെടുത്തു. വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ സഞ്ജു കളിച്ചില്ലെന്നതാണ് ഇരുവരും സഞ്ജുവിനെ ടീമിലെടുക്കാതിരിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയതെന്ന് 'ദൈനിക് ജാഗരണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. സഞ്ജുവിനെക്കാള്‍ പന്തിലാണ് വിശ്വാസമുള്ളതെന്ന നിലപാട് രോഹിത് സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
അപകടത്തിന് ശേഷം ഒരേയൊരു ഏകദിന മല്‍സരം മാത്രമാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പന്ത് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്. ശ്രീലങ്കയ്ക്കെതിരെയായിരുന്നു ഇത്. എന്നിട്ടും വിക്കറ്റ് കീപ്പര്‍ ബാറ്ററായി പന്ത് മതിയെന്ന നിലപാടാണ് സെലക്ഷന്‍ കമ്മിറ്റിയെടുത്തത്. കെ.എല്‍.രാഹുലിനെ ബാക്കപ് വിക്കറ്റ് കീപ്പറായും തീരുമാനിച്ചു. പ്രകടന മികവില്‍ സഞ്ജുവിനെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് ഗംഭീര്‍ വ്യക്തമാക്കിയെങ്കിലും സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
ശനിയാഴ്ച പന്ത്രണ്ടരയോടെയായിരുന്നു ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കേണ്ടിയിരുന്നത്. രണ്ടര മണിക്കൂറോളം വൈകി ടീം പ്രഖ്യാപനം ഉണ്ടായതിന് പിന്നില്‍ ഗംഭീറും സെലക്ഷന്‍ കമ്മിറ്റിയും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിനെ ടീമിലെടുക്കുന്നത് സംബന്ധിച്ചും ഗില്ലിന്‍റെ വൈസ് ക്യാപ്റ്റന്‍സിയെ ചൊല്ലിയുമാണ് ഗംഭീറും അഗാര്‍ക്കറും ഇടഞ്ഞത്. ബുംറയുടെ പേരാണ് ഗില്ലിന് പകരം വൈസ് ക്യാപ്റ്റന്‍റെ സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിച്ചിരുന്നത്.
പരുക്ക് ഭേദമാകാത്തതിനാല്‍ ടീമിലുണ്ടെങ്കിലും ബുംറ കളിക്കാനുള്ള സാധ്യതകള്‍ വിരളമാണെന്നിരിക്കെ ഗില്ലിനെ ഉറപ്പിക്കാന്‍ അഗാര്‍ക്കര്‍ തീരുമാനിച്ചു. എന്നാല്‍ വൈസ് ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യ മതിയെന്ന് ഗംഭീര്‍ നിലപാടെടുത്തു. രോഹിതും അഗാര്‍ക്കറും ഇത് തള്ളി. രോഹിതിന്‍റെ അഭാവത്തില്‍ ഹാര്‍ദികിന് ഇന്ത്യയെ ഏകദിനത്തില്‍ നയിച്ച് പരിചയമുണ്ടെന്നും 2023 ലെ ഏകദിന ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്നുവെന്നും ഗംഭീര്‍ വാദിച്ചെങ്കിലും രോഹിതും അഗാര്‍ക്കറും കണക്കിലെടുത്തില്ല.