ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണ്‍ പുറത്തായത് ഇന്ന് കായികലോകത്തെ തന്നെ ചര്‍ച്ചാവിഷയമാണ്. സഞ്ജുവിനെ പുറത്താക്കിയതെന്തുകൊണ്ട് എന്ന ചോദ്യവും ചര്‍ച്ചയും കെസിഎ വിവാദങ്ങളും കൊടുമ്പിരി കൊള്ളുന്ന സമയം കൂടിയാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ പുറത്താകലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്കര്‍.
സഞ്ജുവിനെ പുറത്താക്കിയതില്‍ ഒരു കാരണവും പറയാനാകില്ലെന്നും മറിച്ച് താരത്തെ പുറത്താക്കിയത് ഋഷഭ് പന്തെന്ന ഗെയിം ചെയ്ഞ്ചര്‍ ആണെന്നും പറയുന്നു ഗാവസ്കര്‍. സഞ്ജു മികച്ച ഫോമിലാണ്, അതുപോലെ നൂറുകണക്കിനു റണ്‍സ് സ്കോര്‍ ചെയ്യുന്ന താരവുമാണ്. സഞ്ജുവിനേക്കാള്‍ നല്ല ബാറ്ററായിരിക്കില്ല പന്ത്, പക്ഷേ സഞ്ജുവിനേക്കാള്‍ കളി മാറ്റിമറിക്കാന്‍ പന്തിനു സാധിച്ചേക്കുമെന്നും ഇക്കാരണത്താലാണ് പന്ത് അകത്തും സഞ്ജു പുറത്തും ഇരിക്കുന്നതെന്നും ഗാവസ്കര്‍ വിലയിരുത്തുന്നു.
ഒരു സ്പോര്‍ട്സ് മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു സുനില്‍ ഗാവസ്കര്‍. ഋഷഭ് പന്തും കെ എല്‍ രാഹുലുമാണ് ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍. ഗെയിം ചെയ്ഞ്ചര്‍ ആയ പന്തിനു മുന്‍പിലാണ് സഞ്ജു വീണുപോയത്. കൂടാതെ പന്ത് ഇടംകൈ ബാറ്ററും മികച്ച വിക്കറ്റ് കീപ്പറുമാണ്. കളി മാറ്റിമറിക്കാന്‍ പന്തിനുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. അതുകൊണ്ടു തന്നെ സഞ്ജു നിരാശനാകേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് നന്നായറിയാമെന്നും സുനില്‍ ഗാവസ്കര്‍ പറയുന്നു.