ചെപ്പോക്കില്‍  ഇംഗ്ളണ്ടിനെതിരായ  രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്കു രണ്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ തിലക് വര്‍മയുടെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 55 പന്തുകളില്‍ നിന്നും 72 റണ്‍സാണ് താരം നേടിയത്. ഒരറ്റത്തു വിക്കറ്റുകള്‍ വീണപ്പോഴും പതറാതെ പിടിച്ചു നിന്ന തിലക് വര്‍മയുടെ മനക്കരുത്തിന്റെ ഫലം കൂടിയാണ് ടീമിന്റെ ജയം. 26 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അഭിഷേക് ശര്‍മയും സുര്യകുമാര്‍ യാദവും 12 റണ്‍സ് വീതമെടുത്തു. 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 166 റൺസ് വിജയലക്ഷ്യമുയര്‍ത്തി. ഒരിക്കൽക്കൂടി ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്, നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 165 റൺസ്. തുടർച്ചയായ രണ്ടാം അർധസെഞ്ചറി അഞ്ച് റൺസിന് നഷ്ടമായെങ്കിലും, ഒരിക്കൽക്കൂടി മുന്നിൽനിന്ന് പടനയിച്ച ക്യാപ്റ്റൻ ജോസ് ബട്‍ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ബട്‍ലർ 30 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതമാണ് 45 റൺസെടുത്തത്. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും യഥേഷ്ടം ബൗണ്ടറികൾ കണ്ടെത്തിയാണ് ഇംഗ്ലണ്ട് ബാറ്റർമാർ സ്കോർ 160 കടത്തിയത്.

സ്പിന്നർമാരുടെ തകർപ്പൻ ബോളിങ്ങാണ് ഇന്ത്യയ്ക്ക് കരുത്തായത്. 14 ഓവർ ബോൾ ചെയ്ത സ്പിന്നർമാർ 118 റൺസ് വിട്ടുകൊടുത്ത് വീഴ്ത്തിയത് ആറു വിക്കറ്റ്. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ ജെയ്മി സ്മിത്ത് 12 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 22 റൺസെടുത്ത് പുറത്തായി. ഹാരി ബ്രൂക്ക് (എട്ടു പന്തിൽ ഒരോ സിക്സും ഫോറും സഹിതം 13), ലിയാം ലിവിങ്സ്റ്റൺ (14 പന്തിൽ ഒരു ഫോർ സഹിതം 13), ബ്രൈഡൻ കാഴ്സ് (11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 14), ജോഫ്ര ആർച്ചർ (ഒൻപതു പന്തിൽ പുറത്താകാതെ 12) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ENGLISH SUMMARY:

Tilak Varma Fifty Helps India Beat England By 2 Wickets