ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും രാജ്യാന്തര മല്‍സരത്തിനിറങ്ങാനുള്ള ഷമിയുടെ കാത്തിരിപ്പ് നീളുമെന്ന് സൂചന. ഇരുകാലുകളിലും ബാന്‍ഡേജ് ചുറ്റിവരിഞ്ഞു നടക്കുന്ന ഷമിയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ചെപ്പോക്കിലും ഷമി കളിക്കില്ലെന്ന അഭ്യൂഹം ഉയരുന്നത്. 2023 ലെ ലോകകപ്പ് ഫൈനലിന് ശേഷം ഷമി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ഈഡന്‍ഗാര്‍ഡന്‍സില്‍ ഷമി കളിക്കുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും താരത്തിന് കൂടുതല്‍ വിശ്രമം സെലക്ടര്‍മാര്‍ അനുവദിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ഷമി ഇറങ്ങിയില്ല. ചെപ്പോക്കില്‍ നെറ്റ്സ് പ്രാക്ടീസിന് ഷമി ആവേശത്തോടെ പങ്കെടുത്തുവെങ്കിലും പന്തെറിയുന്നതിെല അനായാസത കാണാന്‍ കഴിഞ്ഞില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശീലനത്തിന് ശേഷം ഗംഭീറുമായും മോര്‍ക്കലുമായും സംസാരിച്ച് ഷമി മടങ്ങി. ഷമിക്കൊപ്പം അര്‍ഷ്ദീപ് സിങും നെറ്റ്സില്‍ പന്തെറിയാന്‍ എത്തി.
അതേസമയം ഷമി ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാലാണ് പ്ലേയിങ് ഇലവനില്‍ ഇല്ലാതിരുന്നെതന്ന് വേണം കരുതാനെന്ന് മുന്‍ താരം ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ അഭിപ്രായപ്പെട്ടു. നാല് മല്‍സരങ്ങള്‍ ഇനിയും ശേഷിക്കുന്നുണ്ട്. പക്ഷേ ഷമി ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
ഷമി ടീമിലെത്താന്‍ കുറച്ച് ദിവസങ്ങള്‍ കൂടി എടുത്തേക്കുമെന്ന് അര്‍ഷ്ദീപ് സിങും കഴിഞ്ഞ ദിവസം സൂചനകള്‍ നല്‍കിയിരുന്നു. ഷമി ഇന്ത്യയ്ക്കായി കളിക്കുന്ന ദിവസത്തിനായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നായിരുന്നു ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ പ്രതികരണം. ബോളിങിലും ഫിറ്റ്നസ് വീണ്ടെടുക്കുന്നതിലും ഷമി പുലര്‍ത്തുന്ന ശ്രദ്ധ താന്‍ കാണുന്നുണ്ടെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. രാജ്യത്തിനായി കളിക്കാനുള്ള ദാഹം അടങ്ങുകില്ലെന്നും ഉള്ളില്‍ ആ സ്നേഹം ഉള്ള കാലത്തോളം പോരാടി തിരിച്ചുവരുമെന്നും ഷമി ബംഗാളില്‍ നടന്ന ചടങ്ങിനിടെ പറഞ്ഞിരുന്നു. എത്ര കളിച്ചാലും ഇനിയും കളിക്കണമെന്ന തോന്നലാണ് ഉള്ളിലുള്ളതെന്നും ഷമി കൂട്ടിച്ചേര്‍ത്തു. വൈകുന്നേരം ഏഴ് മണിക്കാണ് ചെന്നൈയില്‍ ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ട്വന്‍റി20 നടക്കുക.