അര്‍സാന്‍ നാഗ്വസ്വല്ലയുടെ ഷോട്ട് സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മറ്റില്‍ കൊള്ളുന്നു
രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് കേരളം ഫൈനലില്‍. ഗുജറാത്തിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. ആവേശകരമായ മല്‍സരത്തില്‍ രണ്ട് റണ്‍സിന്‍റെ ലീഡാണ് കേരളം നേടിയത്. മല്‍സരം സമനിലയിലേക്കെന്ന് ഉറപ്പിച്ചതോടെ ലീഡിന്റെ കരുത്തില്‍ കേരളത്തിന് ഫൈനലില്‍ കടന്നു. ഇതാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചത്.
ഭാഗ്യം കൊണ്ടുവന്നത് സല്‍മാന്‍റെ ഹെല്‍മറ്റ്: രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ ഫൈനല്‍ പ്രവേശത്തിന് സഹായകമായത് സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മറ്റ്. ഗുജറാത്തിന് ലീഡെടുക്കാന്‍ രണ്ട് റണ്‍സ് ശേഷിക്കെ നാഗസ്വാലെ ബൗണ്ടറി പ്രതീക്ഷിച്ച് കളിച്ച ഷോട്ട് സല്‍മാന്‍ നിസറിന്‍റെ ഹെല്‍മറ്റില്‍ തട്ടി സച്ചിന്‍ ബേബിയുടെ കയ്യിലെത്തുകയായിരുന്നു.
ആദിത്യ സർവാതെ എറിഞ്ഞ 174–ാം ഓവറിലെ നാലാം പന്തില്‍ ഒരു വിക്കറ്റ് ശേഷിക്കെ ഗുജറാത്തിന് വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. നാഗസ്വാലയുടെ ഷോട്ട് ക്രീസിനരികില്‍ ഫീല്‍ഡ് ചെയ്ത സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മറ്റില്‍ തട്ടി ഉയര്‍ന്ന് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കയ്യിലെത്തുകയായിരുന്നു. അവസാന വിക്കറ്റും വീണതോടെ കേരളത്തിന് രണ്ട് റണ്‍സ് ലീഡ്.
കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നു
22 റണ്‍സും മൂന്ന് വിക്കറ്റുമായി അഞ്ചാം ദിവസം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ വരിഞ്ഞുകെട്ടുകയായിരുന്നു കേരള സ്പിന്നര്‍മാര്‍. അർധ സെഞ്ചറി നേടിയ ജയ്മീത് പട്ടേൽ (79) സിദ്ധാർഥ് ദേശായി (30) എന്നിവരെയാണ് തുടക്കത്തില്‍ ഗുജറാത്തിന് നഷ്ടമായത്. ആദിത്യ സർവാതെയുടെ പന്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നൽ സ്റ്റംപിങ്ങാണ് ജയ്മീതിനെ പുറത്താക്കിയത്. സിദ്ധാര്‍ഥ് ദേശായി ആദിത്യയുടെ പന്തില്‍ എൽബിഡബ്ല്യുവാക്കി. 11 റണ്‍സ് ആവശ്യമായ ഘട്ടത്തിലാണ് അവസാന വിക്കറ്റില്‍ പ്രിയജിങ്സിങ്ങും നാഗസ്വാലയും ബാറ്റിങ് തുടങ്ങിയത്. പ്രിയജിങ്സിങ് മൂന്ന് റണ്‍സെടുത്തു.