Image Credit: X/@DanishKaneria61
പാകിസ്ഥാനിൽ വലിയ വിവേചനം നേരിടേണ്ടി വന്നതായും തന്റെ കരിയർ നശിപ്പിക്കപ്പെട്ടുവെന്നും മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. വാഷിങ്ടണില്‍ നടക്കുന്ന പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ പറ്റിയുള്ള ചര്‍ച്ചയ്ക്കിടെയാണ് ദാനിഷ് കനേരിയയുടെ വാക്കുകള്‍.
'എങ്ങനെയാണ് പാക്കിസ്ഥാനിലുണ്ടായിരുന്ന പെരുമാറ്റം എന്ന അനുഭവം പങ്കുവെയ്ക്കാനാണ് ഇവിടെ കൂടിയിട്ടുള്ളത്. ഞങ്ങൾ വിവേചനം നേരിട്ടു, ഇന്ന് ഞങ്ങൾ അതിനെതിരെ ശബ്ദമുയർത്തി' എന്നാണ് കനേരിയ പറഞ്ഞത്. 'എനിക്ക് വിവേചനം നേരിട്ടിട്ടുണ്ട്. എന്‍റെ കരിയറിനെ നശിപ്പിച്ചു. പാകിസ്ഥാനിൽ എനിക്ക് അർഹമായ ബഹുമാനവും തുല്യ മൂല്യവും ലഭിച്ചില്ല. ഈ വിവേചനം കാരണം, ഞാൻ ഇന്ന് യുഎസിലാണ്' എന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.
കളിച്ചുകൊണ്ടിരുന്ന കാലത്ത് ഷാഹിദ് അഫ്രീദി പലതവണ മതംമാറാന്‍ പറഞ്ഞിരുന്നതായി ഡാനിഷ് കനേരിയ നേരത്തെ പറഞ്ഞിരുന്നു. തന്നെ പിന്തുണച്ച ഒരോയൊരു ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹക്കാണെന്നും കനേരിയ നേരത്തെ പറഞ്ഞിരുന്നു.
'കരിയറിൽ ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചു, കൗണ്ടി ക്രിക്കറ്റും കളിച്ചു. ഇൻസമാം ഉൾ ഹഖ് എന്നെ വളരെയധികം പിന്തുണച്ചു, അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്റ്റൻ അദ്ദേഹമായിരുന്നു. അദ്ദേഹത്തോടൊപ്പം ഷോയിബ് അക്തറും ഉണ്ടായിരുന്നു. ഷാഹിദ് അഫ്രീദിയും മറ്റ് നിരവധി പാകിസ്ഥാൻ കളിക്കാരും എന്നെ വളരെയധികം ശല്യപ്പെടുത്തി, എന്നോടൊപ്പം ഭക്ഷണം കഴിച്ചില്ല' എന്നും കനേരിയ പറഞ്ഞു.
പാക്കിസ്ഥാന് വേണ്ടി കളിച്ച അവസാന ഹിന്ദു വിശ്വാസിയായ ക്രിക്കറ്റ് താരമാണ് ഡാനിഷ് കനേരിയ. 61 ടെസ്റ്റില്‍ നിന്നും 261 വിക്കറ്റ് സ്പിന്നര്‍ നേടിയിട്ടുണ്ട്. 2012 ല്‍ വാതുവെയ്പ്പ് കേസില്‍ പിടിക്കപ്പെട്ടതോടെ ആജീവനാന്ത വിലക്ക് നേരിടുകയായിരുന്നു.