**EDS: SCREENSHOT VIA PTI VIDEOS** New Delhi: Former Indian cricket team skipper MS Dhoni on his arrival at the airport in New Delhi, Monday, March 10, 2025. (PTI Photo) (PTI03_10_2025_000442B)
ഒരു വ്യാഴവട്ടത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഐസിസി ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയതിന്‍റെ ആഘോഷത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ വിജയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മിണ്ടാതെ പോകുന്ന ധോണിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്നതിനിടയിലാണ് ധോണിയോട് ചോദ്യമുയര്‍ന്നത്. മാസ്ക് ധരിച്ച് പുറത്തേക്കിറങ്ങിയ താരം കൈകള്‍ ചുഴറ്റി ചോദ്യം ചോദിച്ച ആളോട് മാറാന്‍ ആംഗ്യം കാട്ടുകയായിരുന്നു. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റിലുടനീളം ഇന്ത്യയ്ക്ക് അനര്‍ഹമായ ആനുകൂല്യം ലഭിച്ചുവെന്ന് മുന്‍താരങ്ങളടക്കം ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് ധോണിയുടെ മൗനവും ചേഷ്ടയും. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ച് ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് ആരാധകര്‍.
2013 ല്‍ ധോണി നായകനായ ടീമാണ് ഇതിന് മുന്‍പത്തെ ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്കായി നേടിയത്. രോഹിതിന്‍റെയും സംഘത്തിന്‍റെയും നേട്ടത്തോട് ധോണി പ്രതികരിക്കാതിരുന്നതില്‍ അതിശയം തോന്നുന്നുവെന്ന് ചിലര്‍ കുറിച്ചപ്പോള്‍, ധോണിയെ പോലെ ഒരു താരത്തിന് നീതിപൂര്‍വമല്ലാത്ത കിരീടനേട്ടത്തോട് യോജിക്കാനാവില്ലെന്നായിരുന്നു ആരാധകരില്‍ മറ്റുചിലരുടെ കമന്‍റ്.
മാര്‍ച്ച് 22ന് തുടങ്ങാനിരിക്കുന്ന ഐപിഎല്ലില്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിക്കുന്നുണ്ട്. ഋതുരാജ് ഗെയ്ക്ക്വാദാണ് സിഎസ്കെയുടെ ക്യാപ്റ്റന്‍. ചെപ്പോക്കില്‍ ബദ്ധവൈരികളും അഞ്ചുതവണ ചാംപ്യന്‍മാരുമായ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ആദ്യ മല്‍സരം.
ധോണിക്കൊപ്പം കളിച്ച കാലത്തെ ഏറ്റവും സന്തോഷത്തോടെയാണ് ഓര്‍ക്കുന്നതെന്നും ഐപിഎല്ലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറഞ്ഞു. ധോണിക്കൊപ്പം ചെലവഴിച്ച മനോഹര നിമിഷങ്ങളെയും ജിയോ ഹോട്സ്റ്റാറിന്‍റെ സൂപ്പര്‍സ്റ്റാര്‍ പരിപാടിയില്‍ താരം ഓര്‍ത്തെടുത്തു. ' എല്ലാ യുവതാരങ്ങളെയും പോലെ ധോണിക്കൊപ്പം നില്‍ക്കാനാണ് ഞാനും ആഗ്രഹിച്ചത്. ചെന്നൈക്കെതിരെയുള്ള ഓരോ മല്‍സരവും അത്രയും പ്രാധാന്യത്തോടെയാണ് കണ്ടത്. ധോണിയോട് സംസാരിക്കാനും എങ്ങനെയാണ് ഓരോ കാര്യങ്ങളിലും തീരുമാനങ്ങളെടുക്കുന്നതെന്നതടക്കം നിരവധി കാര്യങ്ങളാണ് നോക്കിയും കണ്ടും ചോദിച്ചും പഠിച്ചത്. സ്വപ്നതുല്യമായിരുന്നു അക്കാലം. ഷാര്‍ജയില്‍ വച്ച് ചെന്നൈക്കെതിരെ നടന്ന കളിയില്‍ എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചു. മികച്ച സ്കോര്‍ നേടി മാന്‍ ഓഫ് ദ് മാച്ചുമായി. അതിന് ശേഷം ഞാന്‍ പോയി മഹി ഭായിയെ കണ്ടു. ഊഷ്മളമായ ബന്ധമാണ് അദ്ദേഹവുമായി നിലനിര്‍ത്താന്‍ കഴിഞ്ഞത്. ശരിക്കും സ്വപ്നത്തിലാണോ ജീവിക്കുന്നതെന്ന് തോന്നിപ്പോയി'- സഞ്ജു വെളിപ്പെടുത്തി.