പരുക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ബുംറയെ ഒഴിവാക്കിയായിരുന്നു ഇന്ത്യ ചാംപ്യന്‍സ്ട്രോഫി ടീമിനെ പ്രഖ്യാപിക്കുന്നത്. അങ്ങിനെ ഹര്‍ഷിത് റാണയും തികച്ചും അപ്രതീക്ഷിതമായി വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ ഇടം പിടിച്ചു. എന്നാല്‍ വരുണ്‍ ചക്രവർത്തിക്ക് ടീമില്‍ എത്രത്തോളം സ്വാധീനം ചെലുത്താൻ കഴിയുമെന്ന് പ്രവചിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. എന്നാല്‍ മറുപടി വരുണ്‍ കളിക്കളത്തില്‍ പറഞ്ഞു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകൾ! അങ്ങിനെ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക താരമായി വരുണ്‍ മാറി. എന്നാല്‍ ഇപ്പോളിതാ 2021 ടി20 ലോകകപ്പിന് ശേഷമുള്ള തികച്ചും കഠിനകരമായ കാലഘട്ടത്തെ കുറിച്ച് തുറന്നുപറയുകയാണ് വരുണ്‍.
Dubai: India's Varun Chakaravarthy celebrates the wicket of New Zealand's Glenn Phillips during the ICC Champions Trophy cricket match between India and New Zealand, in Dubai, UAE, Sunday, March 2, 2025. (PTI Photo/Arun Sharma)(PTI03_02_2025_000625B)
ടി 20 ലോകകപ്പില്‍ തോറ്റ് സെമി കാണാതെ ഇന്ത്യ പുറത്തായതിനു പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങള്‍ തനിക്ക് ലഭിച്ചിരുന്നുവെന്ന് വരുണ്‍ പറയുന്നു. ‘തികച്ചും കഠിനമായൊരു ഒരു കാലഘട്ടമായിരുന്നു അത്. ഞാന്‍ വിഷാദത്തിന്‍റെ പിടിയിലായി. വളരെയധികം ആവേശത്തോടെയാണ് ടീമില്‍ എത്തിയതെങ്കിലും ഒരു വിക്കറ്റ് പോലും എനിക്ക് ലഭിച്ചില്ല. അതിനുശേഷം, മൂന്ന് വര്‍ഷത്തേക്ക് എന്നെ ഒരു ടീം സെലക്ഷനില്‍ പോലും എന്നെ പരിഗണിച്ചില്ല’ വരുണ്‍ പറഞ്ഞു.
അന്നുണ്ടായത് വെറും വിമര്‍ശനങ്ങളല്ലായിരുന്നുവെന്നും അതിനപ്പുറം ഭീഷണികള്‍ ലഭിച്ചിരുന്നുവെന്നും വരുൺ വെളിപ്പെടുത്തി. '2021 ലെ ടി20 ലോകകപ്പിനു ശേഷം ഒട്ടേറെ ഭീഷണി കോളുകളാണ് ലഭിച്ചത്. ഇനി ഇന്ത്യയിലേക്ക് വരരുതെന്നും അതിന് ശ്രമിച്ചാലും സാധിക്കില്ലെന്നും ആളുകള്‍ ഭീഷണിപ്പെടുത്തി. പലരും എന്നെ പിന്തുടര്‍ന്ന് വീടുവരെയെത്തി. ഒളിച്ച് നടക്കേണ്ടതായി വന്നു. ഇന്ത്യയുടെ തോല്‍വിയും എന്‍റെ മോശം പ്രകടനവും ആരാധകരെ വൈകാരികമായി ബാധിച്ചിരുന്നു. അത് എനിക്കു മനസ്സിലാകും’ വരുണ്‍ കൂട്ടിച്ചേര്‍ത്തു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചില്‍.
എന്നാല്‍ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ചാംപ്യന്‍സ്ട്രോഫി ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുന്നുവെന്നും വരുണ്‍ പറഞ്ഞു. ‘ടീം ഞാൻ ഉൾപ്പെട്ടതാണെന്നും എനിക്ക് അവിടെ ഒരു സ്ഥാനമുണ്ടെന്നും വീണ്ടും തോന്നിത്തുടങ്ങി’ വരുണ്‍ പറയുന്നു. ഐപിഎൽ അടുത്തിരിക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കാന്‍ തയ്യാറാകുകയാണ് താരം.