In this image by Sportzpics for IML, Sachin Tendulkar Captain of India Masters plays a shot during the final match of the International Masters League 2025 (IML 2025) between India Masters and The West Indies Masters, at the Shaheed Veer Narayan Singh International Cricket Stadium in Raipur, Sunday, March 16, 2025.
സച്ചിൻ രമേഷ് തെൻഡുൽക്കർ എന്ന അൻപത്തിയൊന്നുകാരനെ നിങ്ങൾ ഏത് 'വൈബിൽ ' ഉൾപ്പെടുത്തും മക്കളെ.... ഓഫ് സ്റ്റമ്പിന് പുറത്തുകൂടി പാഞ്ഞ പന്ത് , ശരീരഭാരം നിമിഷാർധത്തിൽ വലത്തേ കാലിലേക്ക് മാറ്റി ഗാലറിയിലേക്ക് പറന്ന കൺ -കൈ ഏകോപനത്തെ എന്തു വിളിക്കും മക്കളെ....
അയാൾ അവസാന രാജ്യാന്തര ട്വൻ്റി 20 കളിച്ചത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2006 ൽ ! അയാൾ അവസാന ഇന്ത്യൻ പ്രീമിയർ ലീഗ് കളിച്ചത് സ്വന്തം ടീമായ മുംബൈ ഇന്ത്യൻസിന് കിരീടം നേടിക്കൊണ്ട് 2013 ൽ ! അയാൾ അവസാന ടെസ്റ്റ് കളിച്ചത് വെസ്റ്റിൻഡീസിനെതിരെ അതേ 2013 ഒക്ടോബറിൽ !
വാൺഡറേഴ്സിൽ, ഈഡൻ ഗാർഡൻസിൽ, വാംഖഡെയിൽ ഒക്കെ ഉയർന്നു കേട്ട സാാാ.... ച്ചിൻ...... സച്ചിൻ എന്ന ആരവം അതേ ഊർജത്തോടെ, ഒരു പക്ഷേ മുമ്പു കേട്ടത്തിനെക്കാൾ ഉച്ചത്തിൽ മുഴങ്ങി, ശഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിൽ . ഒന്നോർക്കുക സച്ചിനാരവം അലകൾ തീർത്ത തീയതി 2025 മാർച്ച് 16.....!
In this image by Sportzpics for IML, India Masters captain Sachin Tendulkar and West Indies Masters captain Brian Lara with the trophy before the final match of the International Masters League 2025 (IML 2025) between India Masters and The West Indies Masters, at the Shaheed Veer Narayan Singh International Cricket Stadium in Raipur, Sunday, March 16, 2025.
1983 ൽ ലണ്ടനിലെ വെംബ്ലി അരീനയിൽ ലതാ മങ്കേഷ്കർ - കിശോർ കുമാർ ലൈവ് പരിപാടി. ലതയെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് അവതാരകൻ ഹരീഷ് ഭീമാനി ഇങ്ങനെ പറഞ്ഞു " ആ ദിവസം ഇതാ വന്നു കഴിഞ്ഞു.നിങ്ങൾ ദിവസങ്ങളെണ്ണി കാത്തിരുന്ന ആ ദിവസം. ഇതാ വരുന്നു ആ കലാകാരി, അവരുടെ കലയെ വർണ്ണിച്ചുവർണിച്ച് വാക്കുകൾ തളർന്നു, പേനകൾ തളർന്നു, ലേഖകന്മാർ തളർന്നു, ഭാഷകൾ തളർന്നു..... തളരാത്തത് അവരുടെ ശബ്ദം, അവരുടെ സ്വരങ്ങൾ,...... തളരാത്തത് അവരുടെ കോടിക്കണക്കിന് സഹൃദയരായ ശ്രോതാക്കൾ......
ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ഫൈനലിൽ റായ്പുരിലെ ശഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നെങ്കിൽ അതേ ഹരീഷ് ഭീമാനി പറയുമായിരുന്നു. "ഇതാവരുന്നു ആ ബാറ്റർ , അയാളുടെ ബാറ്റിങിനെക്കുറിച്ച് വർണിച്ച് വാക്കുകൾ തളർന്നു, പേനകൾ തളർന്നു , ലേഖകന്മാർ തളർന്നു, ഭാഷകൾ തളർന്നു. .....
തളരാത്തത് അയാളുടെ ബാറ്റിങ്, സ്ട്രോക്കുകളിലെ സൗന്ദര്യം...... തളരാത്തത് അയാളുടെ കോടിക്കണക്കിന് ആരാധകർ...."
അഞ്ചാമത്തെ ഓവറിൻ്റെ അവസാന രണ്ട് പന്തുകൾ ഒന്നോർത്തു നോക്കൂ. ഈ ടൂർണമെൻ്റിലെ തന്നെ ഏറ്റവും മികച്ച ബോളർമാരിലൊരാളായ ജറോം ടെയ്ലറുടെ അഞ്ചാം പന്ത് അൽപമൊന്ന് ബാക്ക് ഫൂട്ടിലേക്ക് മാറി രണ്ടാം സ്ലിപ്പിനപ്പുറത്തുകൂടി ചെത്തി വിട്ട ബൗണ്ടറി!, തൊട്ടടുത്ത പന്തിൽ ശരീരഭാരം കുറേക്കൂടി വലതുകാലിൽ ഞൊടിയിടയിൽ മാറ്റി ഗാലറിയിലേക്ക് പറത്തിയ സിക്സർ ! ......സച്ചിൻ, എങ്ങനെയാണ് ആ സ്ട്രോക്കുകളെ വാക്കുകളിലാക്കുക?
നാൽപത് കഴിയേണ്ട , ഇപ്പോഴത്തെ വൈബ് ക്ലബ്ബിലെ തണുത്ത മൂലയായ തന്ത വൈബ് കാറ്റഗറിയിൽ സ്വയം ഇരിക്കാൻ അല്ലെങ്കിൽ ആരെങ്കിലും ഇരുത്താൻ, അതുമല്ലെങ്കിൽ വലിച്ചിടാൻ. പക്ഷേ എല്ലാവരെയും അങ്ങനെ ഇരുത്താൻ പറ്റില്ല മക്കളെ.... അതുകൊണ്ട് വേറൊരു കാറ്റഗറി തുടങ്ങിക്കോ. എന്നിട്ട് അതിനൊരു പേരിട്ടോ ... ക്ലാസ് വൈബ് !
സ്റ്റേഡിയത്തിൽ സച്ചിൻ..... സച്ചിൻ എന്ന് തൊണ്ട കീറിയവരിൽ ഏറെയും 2013 ൽ അയാൾ ബാറ്റ് താഴെ വയ്ക്കുമ്പോൾ ജനിച്ചിട്ടു പോലുമുണ്ടാകില്ല! പക്ഷേ ധാരാളം കണ്ടിട്ടുണ്ടാകണം ,ആ മാസ്റ്റർ ക്ലാസ്, നവമാധ്യമങ്ങളിലൂടെ. അതുകൊണ്ടാണല്ലോ നിങ്ങൾ അയാൾക്കു വേണ്ടി ഇന്നും ആരവങ്ങളുതിർക്കുന്നത്.
സച്ചിൻ ദേവ് ബർമനോടുള്ള ആദരമായാണ് മറാഠി കവിയായ രമേശ് തെൻഡുൽക്കർ ഇളയ മകന് സച്ചിൻ എന്ന് പേരിട്ടത്. സച്ചിൻ ദേവ് ബർമൻ്റെ ഇഷ്ട ഗായികയായിരുന്നു ലതാ മങ്കേഷ്കർ. ആ സ്വരമാധുരിയിൽ തൊടാൻ കാലത്തിന് കഴിഞ്ഞില്ല. അതുപോലെ സച്ചിൻ, താങ്കളുടെ 'ക്ലാസ് ' ൽ തൊടാനും.