Photo Credit: X/@iMac_too
ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ് പാക് താരത്തിന് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ ക്ലബ് ക്രിക്കറ്ററായിരുന്ന ജുനാലി സഫര്‍ ഖാനാണ് മരിച്ചത്. കടുത്തചൂടിനെ വകവയ്ക്കാതെ നടന്ന പ്രാദേശിക മല്‍സരത്തിനിടെയാണ് സഫര്‍ഖാന്‍ കുഴഞ്ഞുവീണത്. ഓള്‍ഡ് കോണ്‍കോര്‍ഡിയന്‍സ് ക്രിക്കറ്റ് ക്ലബ് താരമായിരുന്നു സഫര്‍ ഖാന്‍.
നാല്‍പത് ഓവറോളം ഫീല്‍ഡിലുണ്ടായിരുന്ന സഫര്‍, ബാറ്റ് ചെയ്യുന്നതിനിടെയാണ് ഓസ്ട്രേലിയന്‍ സമയം നാലുമണിയോടെ കുഴഞ്ഞുവീണത്. ഉടനടി പ്രാഥമിക ചികില്‍സ നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഫറിന്‍റെ പെട്ടെന്നുള്ള വിയോഗത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും കോണ്‍കോര്‍ഡിയന്‍സ് ക്ലബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സഫര്‍ കുഴഞ്ഞുവീണ ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ഫലമുണ്ടായില്ലെന്ന് ക്ലബ് വിശദീകരിച്ചു. സഫറിന്‍റെ കുടുംബത്തിന്‍റെ വേദനയില്‍ പങ്കുചേരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്നതിനായി 2013ലാണ് പാക്കിസ്ഥാനില്‍ നിന്നും സഫര്‍ ഖാന്‍ അഡ്ലെയ്ഡിലേക്ക് കുടിയേറിയത്.
40 ഡിഗ്രിയിലേറെയാണ് തെക്കേ ഓസ്ട്രേലിയയില്‍ നിലവില്‍ അനുഭവപ്പെടുന്ന താപനിലയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടുകള്‍. 42 ഡിഗ്രിയിലേറെയാണ് താപനിലയെങ്കില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ നടത്തരുതെന്നാണ് അഡ്ലെയ്ഡ് ടര്‍ഫ് ക്രിക്കറ്റ് അസോസിയേഷന്‍റെ ചട്ടം.