തോറ്റതിന് കളിയാക്കിയ ആരാധകര്‍ക്ക് നേരെ ചീറിയടുത്ത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഖുഷിദില്‍ ഷാ. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ തോറ്റതിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് ആരാധകര്‍ പാക്കിസ്ഥാന്‍ ടീമിനെ പരിഹസിച്ചത്. ഇതോടെയാണ് ഖുഷ്ദില്‍ ഷാ ഗ്യാലറിയിലിരുന്ന ആരാധകര്‍ക്ക് നേരെ ചാടിക്കടന്ന് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
സഹതാരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഖുഷ്ദില്‍ ഷായെ പിന്തിരിപ്പിച്ചത്. ന്യൂസീലന്‍ഡില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആരോപിച്ചു. രണ്ട് അഫ്ഗാന്‍ പൗരന്‍മാരാണ് പാക്ക് താരങ്ങളെ പരിഹസിച്ചതെന്നാണ് പിസിബിയുടെ വിശദീകരണം. പരിഹസിച്ച ഇവരോട് ഖുഷ്ദില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ പരിഹാസം തുടര്‍ന്നതോടെയാണ് താരം ആക്രമിച്ചതെന്ന് പിസിബി പറയുന്നു. വിഷയത്തില്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിട്ടില്ല
മൂന്നുമല്‍സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന്‍ സമ്പൂര്‍ണതോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇന്നത്തെ മല്‍സരത്തില്‍ 43 റണ്‍സിനായിരുന്നു പാക്കിസ്ഥാന്‍ തോറ്റത്. ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ അച്ചടക്ക ലംഘനത്തിന് ഓള്‍ റൗണ്ടര്‍ ഖുഷ്ദില്‍ ഷായ്ക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു. കിവീസ് ബോളര്‍ സാക് ഫോക്സിനോട് മോശമായി പെരുമാറിയതിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയൊടുക്കേണ്ടി വന്നിരുന്നു. മോശം പെരുമാറ്റത്തിന് ഡീ മെറിറ്റ് പോയിന്റും ഖുഷ്ദിലിന് വിധിച്ചു.