pakistan-cricket-team

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ തുടര്‍ തോല്‍വിക്ക് കാരണം ഐപിഎല്‍ എന്ന് വിമര്‍ശിച്ച് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. പാക്ക് താരങ്ങള്‍ക്ക് ഐപിഎല്ലിൽ കളിക്കാൻ കഴിയാത്തതാണ് ടീമിന്  നിലവാരത്തിനൊത്ത് പ്രകടനം നടത്താന്‍ സാധിക്കാത്തതിന്‍റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.  

2008 ലെ ഉദ്ഘാടന സീസണില്‍ 12 പാക്കിസ്ഥാന്‍ താരങ്ങളാണ് ഐപഎല്‍ കളിച്ചത്. അതേവര്‍ഷം മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ബിസിസിഐ പാക് താരങ്ങളെ ഐപിഎല്ലില്‍ നിന്നും വിലക്കിയത്. രാജസ്ഥാൻ റോയൽസിന് കളിച്ച സുഹൈൽ തൻവീർ, കമ്രാൻ അക്മൽ, യൂനിസ് ഖാൻ എന്നിവർ മാത്രമാണ് ഐ‌പി‌എൽ ട്രോഫി നേടിയ പാകിസ്ഥാന്‍ താരങ്ങള്‍. 

ഐ‌പി‌എല്ലിൽ കളിച്ചിരുന്നെങ്കിൽ അത് ക്രിക്കറ്റിലെ താൽപ്പര്യവും ബിസിനസും വർധിപ്പിക്കും. പാക് താരങ്ങള്‍ കളിക്കുകയാണെങ്കിൽ മല്‍സരം ഇവിടെയും സംപ്രേക്ഷണം ചെയ്യും. ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ എന്നി രാജ്യങ്ങളിലെ ക്രിക്കറ്റ് വളരാന്‍ കാരണവും ഐപിഎല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. 

ഈ രാജ്യങ്ങളിലെ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കാനെത്തുകയും ലോകത്തെ മികച്ച താരങ്ങള്‍ക്കെതിരെ കളിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരായ പാറ്റ് കമ്മിൻസ്, ജോഫ്ര ആർച്ചർ, കാഗിസോ റബാഡ എന്നിവർ നിങ്ങള്‍ക്കെതിരെ പന്തെറിയുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള മല്‍സരങ്ങളില്‍ നിന്നും സൗകര്യങ്ങളില്‍ നിന്നും കൂടുതല്‍ കാര്യങ്ങൾ പഠിക്കാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു. 

ഐ‌പി‌എല്ലിലൂടെയാണ് അഫ്ഗാനിസ്ഥാന്റെ ഉയർച്ച ഉണ്ടായത്, റാഷിദ് ഖാന് ശേഷം നൂർ അഹമ്മദ്, അസ്മത്തുള്ള ഒമർസായ്, ഫസലാഖ് ഫാറൂഖി എന്നിവര്‍ കളിക്കാനെത്തി. അവർ ദേശീയ ടീമിലും സ്വാധീനം ചെലുത്തുന്നു എന്നും ലത്തീഫ് കൂട്ടിച്ചേർത്തു.

സ്വന്തം നാട്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലെ മോശം പ്രകടനത്തിന് ശേഷം ന്യൂസീലന്‍ഡില്‍ പര്യടനത്തിനെത്തിയ പാക്കിസ്ഥാന്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. അഞ്ച് ട്വന്‍റി 20കളുള്ള പരമ്പരയില്‍ ഒരു മല്‍സരം മാത്രമാണ് പാക്കിസ്ഥാന്‍ ജയിച്ചത്. മൂന്ന് ഏകദിന മല്‍സരങ്ങളിലും ടീം തോറ്റു. 

ENGLISH SUMMARY:

Rashid Latif, former Pakistan captain, blamed the Pakistan team's consistent losses on the ban preventing Pakistani players from participating in the IPL. He believes that had Pakistani players been allowed to play, the team's performance could have improved. Latif also highlighted the success of players from other countries, such as Afghanistan, who benefited from the IPL and have had a significant impact on their national teams.