പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം താരങ്ങളടിക്കുന്ന സിക്സറുകള്‍ക്കും വീഴ്ത്തുന്ന വിക്കറ്റുകള്‍ക്കും 1 ലക്ഷം പാക്കിസ്ഥാന്‍ രൂപ വീതം (356 ഡോളര്‍) ധനസഹായം പ്രഖ്യാപിച്ച് മുള്‍ട്ടാന്‍ സുല്‍ത്താന്‍. പലസ്തീനിലേക്കുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്ന് ടീം ഉടമയായ അലി ഖാൻ ടരീനാണ് വ്യക്തമാക്കിയത്.
മുള്‍ട്ടാന്‍ സുല്‍ത്താന്‍റെ ഓരോ ബാറ്റ്സ്മാനും നേടുന്ന ഓരോ സിക്സിനും 1 ലക്ഷം രൂപ പലസ്തീനുള്ള ചാരിറ്റിക്കായി നല്‍കും. ബൗളര്‍മാരെ ഈ പദ്ധതിയുടെ ഭാഗമാക്കാന്‍ നേടുന്ന ഓരോ വിക്കറ്റിനും 1 ലക്ഷം രൂപ വീതം പലസ്തീന് കൈമാറും. കുട്ടികള്‍ക്കുള്ള ചാരിറ്റിക്കായാണ് പണം നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാൻ ഏകദിന ടീമിന്റെ നായകൻ കൂടിയായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനാണ് മുൾട്ടാൻ സുൽത്താൻസിന്റെയും നായകൻ. സീസണില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍റെ ആദ്യ മല്‍സരം ശനിയാഴ്ച കറാച്ചി കിങ്സിനെതിരെയായിരുന്നു. നാല് വിക്കറ്റിന് മല്‍സരം തോറ്റെങ്കിലും 15 ലക്ഷം പാക്കിസ്ഥാന്‍ രൂപ പലസ്തീനായി സംഭാവന ചെയ്തെന്ന് ടീം വ്യക്തമാക്കി. ഒന്‍പത് സിക്സറും ആറു വിക്കറ്റുമാണ് മുള്‍ട്ടാന്‍ സുല്‍ത്താന്‍ ടീമംഗങ്ങള്‍ മല്‍സരത്തില്‍ നേടിയത്.
ടീം ഉയര്‍ത്തിയ 234 റണ്‍സ് വിജയ ലക്ഷ്യം നാല് പന്ത് ബാക്കി നില്‍കെ കറാച്ചി കിങ്സ് മറികടന്നു. മുള്‍ട്ടാന്‍ സുല്‍ത്താന്‍റെ രണ്ടാം മല്‍സരം ബുധനാഴ്ച ഇസ്‍ലാമാബാദ് യുണൈറ്റഡിനെതിരെയാണ്.