ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ഭാവിയിലും ക്രിക്കറ്റ് കളിക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. 2012-13 ൽ ഇന്ത്യയില്‍ നടന്ന ലിമിറ്റഡ് സീരീസില്‍ കളിച്ചതിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ദ്വിരാഷ്ട്ര പരമ്പരകള്‍ ഒന്നും തന്നെ കളിച്ചിട്ടില്ല. ഇന്ത്യ അവസാനമായി പാകിസ്ഥാനിൽ കളിച്ചതാകട്ടെ 2008 ലാണ്. 2023 ലെ ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ഇന്ത്യയിലെത്തിയിരുന്നെങ്കിലും 2025 ലെ ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് പോകാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. ചാമ്പ്യന്‍ ട്രോഫിയിലെ ഇന്ത്യയുടെ മല്‍സരങ്ങള്‍ ദുബായിലായിരുന്നു. അതേസമയം ഇവയെല്ലാം രാജ്യാന്തര മല്‍സരങ്ങളായിരുന്നു.
‘പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. ഞങ്ങൾ ഇരകളോടൊപ്പമാണ്. സർക്കാർ എന്ത് പറഞ്ഞാലും അത് കേള്‍ക്കും. ഭാവിയിൽ പാകിസ്ഥാനുമായി ഒരു ദ്വിരാഷ്ട്ര പരമ്പരയും ഇന്ത്യ കളിക്കില്ല. ഐസിസി ഇടപെട്ടതുകൊണ്ടു മാത്രമാണ് രാജ്യാന്തര മല്‍സരങ്ങളില്‍ പാകിസ്ഥാനൊപ്പം കളിക്കുന്നത്. അത് ഐസിസിക്ക് അറിയാമെന്നും അദ്ദേഹം സ്പോര്‍ട്സ് തകിനോട് പറഞ്ഞു. ആക്രമണത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും അനുശോചനം രേഖപ്പെടുത്തി. ‘പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ സാധാരണക്കാര്‍ക്ക് ജീവൻ നഷ്ടപ്പെട്ടതിൽ ക്രിക്കറ്റ് സമൂഹം ദുഃഖം രേഖപ്പെടുത്തുന്നു. ബിസിസിഐയുടെ പേരിൽ, ഈ ഭയാനകവും ഭീരുത്വപരവും ഹീനവുമായ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നു. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പമാണ് ഞങ്ങള്‍. ഞങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനകളുുണ്ട്’ ദേവജിത് സൈകിയ പറഞ്ഞു.
കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദ്– മുംബൈ ഇന്ത്യൻസ് ഐപിഎല്‍ മല്‍സരം മല്‍സരം ആരംഭിച്ചതും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചിട്ടായിരുന്നു. മല്‍സരം ആരംഭിക്കുന്നതിന് മുന്‍പ് 60 സെക്കൻഡ് മൗനം ആചരിച്ചു. താരങ്ങളും പ്രേക്ഷകരുമടക്കം മൗനം പാലിച്ചു. ടോസ് സമയത്ത്, ഇരു ടീമുകളുടെയും ക്യാപ്റ്റന്മാർ അനുശോചനം രേഖപ്പെടുത്തുകയും ഹീനമായ പ്രവൃത്തിയെ ശക്തമായി അപലപിക്കുകയും ചെയ്തു. മല്‍സരത്തിലുടനീളം, കളിക്കാർ, മാച്ച് ഒഫീഷ്യലുകൾ, കമന്റേറ്റർമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിര്‍ കറുത്ത ആംബാൻഡുകൾ ധരിച്ചിരുന്നു. ചിയർ ലീഡർ പ്രകടനങ്ങളോ, ആഘോഷങ്ങളോ, സംഗീതമോ ഇല്ലാതെയാണ് മല്‍സരങ്ങള്‍.