ചിത്രം: Instagram/germanfootball club

  • ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന യൂറോ കപ്പ്
  • സ്വന്തം മണ്ണിൽ കിരീടം നേടാന്‍ ജര്‍മനി
  • വമ്പന്‍മാരെ ഞെട്ടിക്കുമോ ജോര്‍ജിയ?

യൂറോപ്പിന്റെ ഫുട്ബോള്‍ രാജാക്കന്മാർ ആരെന്നറിയാന്‍ ഇനി ഒരു മാസം മാത്രം. ഇറ്റലി വമ്പുകാണിച്ച കഴിഞ്ഞ യൂറോ കപ്പിന് ശേഷം ഇത്തവണ ജർമനി വേദിയൊരുക്കുമ്പോൾ ആരെല്ലാം കരുത്തുകാട്ടുമെന്ന കണക്കുകൂട്ടലുകൾ ആരാധകർ തുടങ്ങിക്കഴിഞ്ഞു. കിക്കോഫിനായി കാത്തിരിക്കുമ്പോൾ മ്യൂണിക്കിലും ഹാംബർ​ഗിലും ബെർലിനിലും ഡോർട്ട്മുണ്ടിലുമെല്ലാമായി നടക്കുന്ന യൂറോ കപ്പ് പോരാട്ടം ഇത്തവണ ആരാധകർക്ക് നഷ്ടപ്പെടുത്താനാവില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന യൂറോ കപ്പ് എന്നതുൾപ്പെടെ പ്രത്യേകതകൾ പലതുണ്ട്...

ക്രിസ്റ്റ്യാനോയുടെ അവസാന യൂറോ? 

2016ൽ യൂറോ കിരീടത്തിൽ മുത്തമിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ 14 ഗോളുകളുമായാണ് യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ടോപ് സ്കോററായി നിൽക്കുന്നത്. പ്രായം 39ൽ നിൽക്കുമ്പോൾ ഇത് ക്രിസ്റ്റ്യാനോയുടെ അവസാന യൂറോ കപ്പ് പോരാട്ടമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഖത്തർ ലോകകപ്പിൽ പലവട്ടം പോർച്ചുഗലിന്റെ സ്റ്റാർട്ടിങ് ലൈനപ്പിൽ നിന്ന് ഒഴിവാക്കപ്പെട്ട ക്രിസ്റ്റ്യാനോയ്ക്ക് മാർട്ടിനസിന് കീഴിൽ ബെഞ്ചിലിരിക്കേണ്ടി വരുമോ എന്ന് ആശങ്കയും ആരാധകര്‍ക്കുണ്ട്.

യൂറോ കിരീട വരള്‍ച്ച അവസാനിപ്പിക്കാൻ ജർമനി

28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഉറച്ചാണ് ജർമനി സ്വന്തം മണ്ണിൽ ഇത്തവണ യൂറോ കപ്പ് പോരിനിറങ്ങുന്നത്. മൂന്നുവട്ടം ചാംപ്യന്മാാരായിട്ടുണ്ടെങ്കിലും അവരുടെ അവസാന യൂറോ കിരീട നേട്ടം വരുന്നത് 1996ലാണ്. ന്യൂയറും മുള്ളറും റുഡി​ഗറും കിമ്മിച്ചും ഗുണ്ടോഗനും തുടങ്ങിയ പരിചയസമ്പന്നര്‍ക്കൊപ്പം മുസിയാലയും ഹാവർട്സും വിർട്സുമെല്ലാം ചേരുമ്പോൾ എതിരാളികൾ വിയർക്കുമെന്നുറപ്പ്. 

ഒരു മാസം, 51 മല്‍സരം

ക്രിസ്റ്റ്യാനോ, എംബപ്പെ, ലെവൻഡോസ്കി എന്നിവർ കിരീടം നേടാനുറച്ച് പന്ത് തട്ടുമ്പോൾ ഫുട്ബോൾ ലോകത്തിന്റെ കണ്ണുകളെല്ലാം ജർമനിയിലേക്ക് ചുരുങ്ങും. 51 മൽസരങ്ങളാണ് ഒരു മാസം നടക്കുക. 6 ഗ്രൂപ്പുകളിലായി 24 ടീമുകൾ. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളും ആറ് ഗ്രൂപ്പുകളിലായി ടോപ് മൂന്നിലെത്തുന്ന നാല് ടീമുകളും നോക്കൗട്ടിലെത്തും. ജൂൺ 14നാണ് ആദ്യ മൽസരം. ഫൈനല്‍ ജൂലൈ 14ന്.

ചരിത്രമെഴുതാൻ ജോർജിയ

പ്ലേഓഫിൽ ‍ഞെട്ടിച്ചാണ് ജോർജിയയുടെ യൂറോകപ്പ് പ്രവേശം. ല​ക്സംബർഗിനെയും പെനാൽറ്റി ഷൂട്ടൗട്ടിൽ ഗ്രീസിനേയും വീഴ്ത്തിയാണ് ജോർജിയ യൂറോ കപ്പ് കളിക്കാൻ യോഗ്യത നേടിയത്. സ്വതന്ത്രരാജ്യമായ ശേഷം ജോർജിയ പ്രധാനപ്പെട്ട ടൂർണമെന്റിലേക്ക് യോഗ്യത നേടുന്നത് ഇതാദ്യം.

യൂറോയിലെ ആദ്യ ജയം തേടി സ്കോട്ട്ലൻഡ്

തുടരെ യൂറോ കപ്പില്‍ കളിക്കാന്‍ സാധിച്ചെങ്കിലും ഇതുവരെ ഗ്രൂപ്പ് ഘട്ടം പിന്നിടാൻ കഴിയാത്ത ടീമാണ് സ്കോട്ട്ലൻഡ്. 1996 മുതല്‍ ആറ് യൂറോ കപ്പുകളിൽ കളിച്ചിട്ടും അവര്‍ ഒരു കളിപോലും ജയിച്ചിട്ടില്ല. ആൻഡി റോബർട്സൻ ഉൾപ്പെടെയുള്ള താരങ്ങളുമായി വരുമ്പോൾ ടാർട്ടൻ ആർമി ആദ്യ ജയം തൊട്ടേക്കാനും സാധ്യതയുണ്ട്.

Euro Cup 2024:

Freed from weight of expectation, can Germany fly at Euro 2024