യൂറോ കപ്പില്‍ ക്രൊയേഷ്യയെ തകര്‍ത്ത് സ്പെയിന്‍ തുടങ്ങി. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് സ്പാനിഷ് വിജയം. യൂറോ കപ്പ് കളിക്കുന്ന പ്രായം കുറഞ്ഞ താരമായി സ്പെയിനിന്റെ പതിനാറുകാരന്‍ ലാമിന്‍ യമാല്‍ മാറി. 29ാം മിനിറ്റില്‍ അല്‍വാറൊ മൊറാട്ടയുടെ ഗോളില്‍ സ്പെയിന്‍ ത്രില്ലടിപ്പിച്ചു തുടങ്ങി. പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് അതിവേഗം ചുവടുമാറ്റി ഒരു ഗോള്‍. മൂന്നുമിനിറ്റിനകം ഫാബിയന്‍ റൂയിസിന്റെ താളം ക്രൊയേഷ്യന്‍ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 16കാരന്‍ ലാമിന്‍ യമാലിന്റെ ക്രോസില്‍ നിന്ന് ഡാനി കാര്‍വഹാലിന്റെ വക മൂന്നാം ഗോള്‍.
രണ്ടാം പകുതിയില്‍ മാര്‍ക്കോ കുക്കുറെയ്യ സ്പെയിനിന്റെ വന്‍മതിലായതോടെ ക്രൊയേഷ്യന്‍ നീക്കങ്ങള്‍ എങ്ങുമെത്തിയില്ല. റോഡ്രിയുടെ ഫൗളില്‍ ക്രൊയേഷ്യയ്ക്ക് കിട്ടിയ പെനല്‍റ്റി ഗോള്‍കീപ്പര്‍ യുനെ സിമോണ്‍ തടുത്തെങ്കിലും റീബൗണ്ടില്‍ ഗോള്‍ വീണു. എന്നാല്‍ കിക്കെടുക്കും മുമ്പ് ക്രൊയേഷ്യന്‍ താരങ്ങള്‍ ബോക്സിലെത്തിയെന്ന് കണ്ടെത്തിയതോടെ പുനപരിശോധനയില്‍ ഗോളനുവദിച്ചില്ല.
നിലവിലെ ചാംപ്യന്‍മാരായ ഇറ്റലിയും യൂറോകപ്പില്‍ ജയത്തോടെ തുടങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അസൂറിപ്പട അല്‍ബേനിയയെ തോല്‍പിച്ചു. ആദ്യ 15 മിനിട്ടിനുള്ളിലായിരുന്നു മൂന്ന് ഗോളുകളും. മല്‍സരം തുടങ്ങി ഇരുപത്തിരണ്ടാം സെക്കന്‍ഡില്‍ ഇറ്റലിയെ ഞെട്ടിച്ച് അല്‍ബേനിയ മുന്നിലെത്തി. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയാര്‍ന്ന ഗോളാണ് നെദീം ബജ്റാമ നേടിയത്. പതറാതെ തിരിച്ചടിച്ച ഇറ്റലി പത്താം മിനിറ്റില്‍ അലസ്സാന്‍റ്രോ ബസ്റ്റോണിയിലൂടെ സമനില പിടിച്ചു. തുടര്‍ന്ന് പതിനഞ്ചാം മിനിട്ടില്‍ നിക്കോളോ ബരെല്ല ഇറ്റലിക്ക് ലീഡും സമ്മാനിച്ചു. അടുത്ത മല്‍സരത്തില്‍ ഇറ്റലി സ്പെയിനിനേയും അല്‍ബേനിയ ക്രൊയേഷ്യയേയും നേരിടും.