adrian-muttu

Image Credit:twitter.com/centraldoarabao

2024 യൂറോ കപ്പില്‍ സെമി കാണാതെയാണ് പോര്‍ച്ചുഗല്‍ ഇത്തവണ പുറത്തായത്. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5–3ന് പരാജയം ഏറ്റുവാങ്ങിയായിരുന്നു യൂറോ കപ്പില്‍ നിന്നും പോര്‍ച്ചുഗലിന്‍റെ മടക്കം. പുറത്താകലിന് പിന്നാലെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത് തന്‍റെ അവസാന യൂറോ കപ്പാണെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സൈബറിടത്ത് താരത്തിന്‍റെ വിരമിക്കല്‍ വാര്‍ത്തകളും ചര്‍ച്ചയായി. എന്നാല്‍ ക്രിസ്റ്റ്യാനോ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് മാത്രമല്ല, സൈബറിടത്തെ ചര്‍ച്ചകളോട് പ്രതികരിക്കാനും അദ്ദേഹം തയ്യാറായിട്ടില്ല. അതേസമയം താരം 2026 ലോകകപ്പ് കൂടി മുന്നില്‍ കണ്ടാണ് വിരമിക്കല്‍ പ്രഖ്യാപിക്കാത്തതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇപ്പോഴിതാ റൊണാള്‍ഡോയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് രസകരമായ ഒരു വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് മുന്‍ ചെല്‍സി താരം അഡ്രിയാന്‍ മുട്ടു. റൊണാള്‍ഡോയ്ക്ക് ഒരു സ്വപ്നം ഉണ്ടെന്നും അത് യാഥാര്‍ഥ്യമായാല്‍ മാത്രമേ അദ്ദേഹം ഫുട്ബോള്‍ മതിയാക്കു എന്നുമാണ് സുഹൃത്തും മുന്‍ ചെല്‍സി താരവുമായ അഡ്രിയാന്‍ മുട്ടു വ്യക്തമാക്കിയിരിക്കുന്നത്. റൊണാള്‍ഡോയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കവേയാണ്  അഡ്രിയാന്‍ മുട്ടു ഇക്കാര്യം പരാമര്‍ശിച്ചത്. 

റൊണാള്‍ഡോയ്ക്ക് അദ്ദേഹത്തിന്‍റെ മകനുമൊത്ത് ഒരു ഔദ്യോഗിക മത്സരം കളിക്കണമെന്ന ആഗ്രഹമുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം വിരമിക്കലിന് തയ്യാറാകാത്തതെന്നുമാണ് അഡ്രിയാന്‍ മുട്ടു പറഞ്ഞത്. ആ സ്വപ്നമാണ് അദ്ദേഹത്തെ നയിക്കുന്നതെന്നും അഡ്രിയാന്‍ മുട്ടു കൂട്ടിച്ചേര്‍ത്തു. അല്‍നസറില്‍ ഇത് സാധ്യമാണെന്നാണ് ഞാന്‍ കരുതുന്നതെന്നും റയല്‍ മാഡ്രിഡ് പോലുള്ള മറ്റേതെങ്കിലും ടീമില്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷേ ഇക്കാര്യം കുറച്ചുകൂടി പ്രയാസമായിരിക്കാം എന്നും അഡ്രിയാന്‍ മുട്ടു തുറന്നടിച്ചു. വരും വര്‍ഷങ്ങളില്‍ അത് സാധ്യമാകാന്‍ സാധ്യതയുണ്ടെന്നും അഡ്രിയാന്‍ മുട്ടു വ്യക്തമാക്കി. അയാം സ്പോര്‍ട്സ് എന്ന പ്രമുഖ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

അതേ സമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകനായ ക്രിസ്റ്റ്യാനോ ജൂനിയര്‍ക്ക് നിലവില്‍ 14 വയസ് മാത്രമാണ് പ്രായം. ക്രിസ്റ്റ്യാനോ ജൂനിയര്‍ അല്‍നസറിന് വേണ്ടി കളിക്കണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. 39കാരനായ റൊണാള്‍ഡോയ്ക്ക് അത്രയും കാലം ടീമില്‍ തുടരാനാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അതേസമയം മികച്ച ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയായ റൊണാള്‍ഡോയ്ക്ക് ഇനിയും ഇതേ ഫോമില്‍ കളിക്കാനാകുമെന്നും മകനുമൊത്തുളള ആ മല്‍സരത്തിനായി കാത്തിരിക്കുകയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. 

ENGLISH SUMMARY:

The former Chelsea striker reveals Cristiano Ronaldo's dream