ഫ്രാൻസിനെ തോൽപ്പിച്ച് സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിനിന്റെ വിജയം. യൂറോ ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായി സ്പെയിനിന്റെ 16 കാരൻ ലമീൻ യമാൽ. ഗോളടിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഫൈനലിലേക്ക് കടന്നതില്‍ അഭിമാനമുണ്ടെന്നും യമാല്‍ മല്‍സരശേഷം പ്രതികരിച്ചു.
അലയൻസ് അരീനയിൽ തീയായ് ലമീൻ യമാലെന്ന അത്ഭുതയുവത്വം. പെനൽറ്റി ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി ഫ്രാൻസിന്റെ വലയിൽ. പ്രതിരോധക്കരുത്തിൽ സെമിയിലെത്തിയ ഫ്രാൻസിന് സ്പെയിനിനെ ഞെട്ടിച്ച് ലീഡ് എടുക്കാൻ വേണ്ടി വന്നത് വെറും 8 മിനിറ്റ്.
യൂറോയിൽ പെനൽറ്റിയിലൂടെല്ലാതെ ഫ്രാൻസിനായി ഗോൾ നേടുന്ന ആദ്യ താരമായി കോലോ മുവാനി. വഴിയൊരുക്കിയത് കിലിയൻ എംബപെ. എന്നാൽ സമനിലയും ലീഡും നേടാൻ സ്പെയിനിന് വേണ്ടിവന്നത് 4 മിനിറ്റ് മാത്രം. യമാലിന്റെ സമനില ഗോളിന് പിന്നാലെ ജയമുറപ്പിച്ച് ഡാനി ഒൽമോയും ഗോള്‍ നേടി. കിരീടത്തിലേക്ക് സ്പെയിനിന് വെറും ഒരു മല്‍സരത്തിന്‍റെ മാത്രം അകലമാണുള്ളതെന്നും ഈ കിരീടം തങ്ങള്‍ അര്‍ഹിക്കുന്നുവെന്നും ഒല്‍മോ പറഞ്ഞു.
യൂറോ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം തുടർച്ചയായി 6 മത്സരങ്ങൾ വിജയിക്കുന്നത്. ബെർലിനിലെ ഫൈനലിൽ സ്പെയിനിന്റെ എതിരാളികൾ ഇംഗ്ലണ്ടോ നെതർലൻഡ്സൊ എന്ന് ഇന്ന് രാത്രിഅറിയാം.