Vinicius-Junior

റയല്‍ മാഡ്രിഡ് വിടാന്‍ ബ്രസീലിയിന്‍  മുന്നേറ്റനിര താരം വിനിഷ്യസ് ജൂനിയറിന് മുന്നില്‍  വമ്പന്‍ ഓഫറുമായി സൗദി പബ്ലിക് ഇന്‍വസ്റ്റ്മെന്റ് ഫണ്ട്.  ബെര്‍ണാബ്യു വിട്ട് സൗദി ലീഗിലേക്ക് എത്താന്‍ ഒരു ബില്യണ്‍ യൂറോയുടെ ഓഫറാണ് വിനിഷ്യസിന് മുന്‍പില്‍ പിഐഎഫ് വെച്ചിരിക്കുന്നത്. സൗദി പബ്ലിക് ഇന്‍വസ്റ്റ്മെന്റ് ഫണ്ടിന്റെ ഓഫര്‍ ചര്‍ച്ച ചെയ്യാന്‍ വിനിഷ്യസ് തയ്യാറായതായാണ്  റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. 2027 വരെയാണ് വിനിഷ്യസിന് റയല്‍ മാഡ്രിഡുമായി കരാറുള്ളത്. 

vini-real

ഫോട്ടോ: റോയിറ്റേഴ്സ്

അഞ്ച് വര്‍ഷത്തെ കരാറാണ് വിനിഷ്യസിന് മുന്‍പില്‍സൗദി വെച്ചിരിക്കുന്നത്. ബില്യണ്‍ ഡോളര്‍ പാക്കേജിനൊപ്പം 2034 ഫിഫ ലോകകപ്പിന്റെ അംബാസിഡര്‍ എന്ന ഓഫറും വിനിഷ്യസിന് മുന്‍പിലുണ്ട്. ബോണസ് കൂടാതെ 200 മില്യണ്‍ യൂറോ ഓരോ സീസണിലും പ്രതിഫലമായി ലഭിക്കുന്ന ഓഫര്‍ വിനിഷ്യസ് പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ റെക്കോര്‍ഡ് തുക ഓഫര്‍ വെച്ചാലും വിനിഷ്യസിനെ വിടാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് റയല്‍ എന്നാണ് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 222 മില്യണ്‍ യൂറോ എന്ന വമ്പന്‍ റിലീസ് ക്ലോസിലെ തുക നല്‍കി നെയ്മറെ നൗകാമ്പില്‍ നിന്ന് പാരിസില്‍ എത്തിച്ച പിഎസ്ജിയുടെ ട്രാന്‍സ്ഫറിനെ വെട്ടിക്കുന്നതാകുമോ വിനിഷ്യസിന്റെ ഡീല്‍ എന്നതിലേക്ക് ഉറ്റുനോക്കുകയാണ് ഫുട്ബോള്‍ ലോകം. വിനിഷ്യസിന്റെ റിലീസ് ക്ലോസ് 1 ബില്യണ്‍ പൗണ്ട് ആണെന്ന് അല്‍ ഹിലാലിനെ റയല്‍ അറിയിച്ചതായാണ് സൂചന. 

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ വിനിഷ്യസും റയലും നിരസിച്ചതായാണ് സ്പാനിഷ് മാധ്യമമായ മാര്‍ക റിപ്പോര്‍ട്ട് ചെയ്തത്. 2023-24 സീസണില്‍ റയലിന് വേണ്ടി എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നുമായി 24 ഗോളുകളാണ വിനിഷ്യസ് സ്കോര്‍ ചെയ്തത്. 2018ലായിരുന്നു റയലിലേക്കുള്ള വിനിഷ്യസിന്റെ വരവ്.

ENGLISH SUMMARY:

Reuters reports that Vinicius is ready to discuss the Saudi Public Investment Fund's offer. Vinicius has a contract with Real Madrid until 2027.