ലിവര്‍പൂളിനൊപ്പമുള്ള തന്റെ അവസാന സീസണായിരിക്കാം ഇതെന്ന് മുഹമ്മദ് സല. ആന്‍ഫീല്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തിയതിന് പിന്നാലെയാണ് ക്ലബ് വിടുന്നതിനെ കുറിച്ചുള്ള സലയുടെ പ്രതികരണം. കരാര്‍ പുതുക്കുന്നുമായി ബന്ധപ്പെട്ട് ആരും തന്നോട് സംസാരിച്ചിട്ടില്ലെന്ന് സല പറയുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ കളിയില്‍ ഒരു ഗോളും രണ്ട് അസിസ്റ്റും ഈജിപ്ഷ്യന്‍ കിങ്ങില്‍ നിന്ന് വന്നു.
നല്ല സമ്മറായിരുന്നു എനിക്ക്. പോസിറ്റീവായി ചിന്തിക്കാന്‍ എനിക്ക് സമയമുണ്ട്. നിങ്ങള്‍ക്കറിയുന്നത് പോലെ ക്ലബിനൊപ്പമുള്ള എന്റെ അവസാന വര്‍ഷമാണ് ഇത്, സ്കൈ സ്പോര്‍ട്സിനോട് സല പറഞ്ഞു. ഞാനത് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു. മറ്റൊന്നും ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വതന്ത്രമായി ഫുട്ബോള്‍ കളിക്കാനാകുമെന്നാണ് ഞാന്‍ കരുതുന്നത്. അടുത്ത വര്‍ഷം എന്താവും സംഭവിക്കുക എന്ന് നമുക്ക് നോക്കാം എന്നും സല പറയുന്നു.
2023 സെപ്തംബറില്‍ സലയ്ക്ക് വേണ്ടി സൗദി പ്രോ ലീഗ് ടീം അല്‍ ഇത്തിഹാദ് ഓഫര്‍ മുന്‍പോട്ട് വെച്ചിരുന്നു. 197 മില്യണ്‍ ഡോളറിന്റെ ഡീലായിരുന്നു ഇത്. എന്നാല്‍ ലിവര്‍പൂള്‍ ഇത് തള്ളി. സല ഉള്‍പ്പെടെ മൂന്ന് ലിവര്‍പൂള്‍ താരങ്ങളുടെ കരാറാണ് ഈ വര്‍ഷം അവസാനിക്കുന്നത്. വാന്‍ഡൈക്കും ട്രെന്‍റ് അലക്സാണ്ടര്‍ അര്‍നോള്‍ഡും പുതിയ കരാര്‍ സംബന്ധിച്ച് ധാരണയില്‍ എത്തിയില്ലെങ്കില്‍ ക്ലബ് വിടും.
2017ലാണ് സല 34 മില്യണ്‍ പൗണ്ടിന എഎസ് റോമയില്‍ നിന്ന് ലിവര്‍പൂളിലേക്ക് എത്തുന്നത്. സല, മനേ, ഫിര്‍മിനോ എന്നിവര്‍ ചേര്‍ന്ന മുന്നേറ്റ നിര പ്രീമിയര്‍ ലീഗില്‍ എതിരാളികളെ വിറപ്പിച്ച് മുന്നേറിയിുന്നു. 2022 ജൂലൈയില്‍ സല ലിവര്‍പൂളുമായി മൂന്ന് വര്‍ഷത്തേക്ക് കരാര്‍ പുതുക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിവാരം 350,000 പൗണ്ട് എന്നതായിരുന്നു കരാറിലെ പ്രതിഫല വ്യവസ്ഥ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ ലിവര്‍പൂള്‍ ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലം നേടുന്ന താരമായും സല മാറി. ലിവര്‍പൂളിനായി 352 മത്സരങ്ങളില്‍ നിന്ന് 214 ഗോളുകളാണ് സല സ്കോര്‍ ചെയ്തിട്ടുള്ളത്. 92 അസിസ്റ്റും സലയില്‍ നിന്ന് വന്നു.