TOPICS COVERED

സീസണിലെ ആദ്യമൽസരത്തിൽ ബ്ലാസ്റ്റേഴ്സ് വാക്കുപാലിച്ചില്ല. ആരാധകർക്ക് ഓണസമ്മാനം  ഉറപ്പു പറഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് ഹോം മാച്ചിൽ പഞ്ചാബ് എഫ്.സിയോട് ഒന്നിനെതിരെ രണ്ടു ഗോളിന് തോറ്റു. വിരസതയ്ക്ക് ജീവൻ വച്ച അവസാന പത്തുമിനിറ്റാണ് കളിയുടെ ഭാഗധേയം നിർണയിച്ചത്.

വയനാട് ദുരന്തത്തിന്‍റെ അതിജീവനക്കരുത്തുമായെത്തിയ മുണ്ടക്കൈയിലേയും, ചൂരൽമലയിലേയും കുട്ടികളുടെ കൈപിടിച്ചാണ് കളിക്കാരെത്തിയത്. ഗ്രൗണ്ടിൽ വയനാടിന് വേണ്ടി കളിക്കാരുടെ മൗനം. ഗ്യാലറിയിൽ വയനാട് എന്നെഴുതിയ ടിഫോ വരിഞ്ഞു.

കളിക്കാർ മാറി, പരിശീലകൻ മാറി, തന്ത്രവും മാറി. പക്ഷേ റിസൽട്ടിൽ മാത്രം മാറ്റം വന്നില്ല. കളി വയാനാടിനുവേണ്ടിയാണെന്നതു പോലും മറന്നു. വെർട്ടിക്കിൽ ഗെയിം പ്രതിക്ഷിച്ചെത്തിയവർക്ക് കാണാനായത് ഓവർഡിഫൻസീവ് ഗെയിം. രണ്ടാം പകുതിയിൽ കുറച്ചു കറവു വന്നെങ്കിലും അഗ്രസീവ് മൂഡിലേയ്ക്ക് കളിയെത്താൻ പിന്നെയും താമസിച്ചു. ഇടയ്ക്കിടെ ഷോട്ടുകൾ കണ്ടെങ്കിലും അവയൊക്കെയും ദുർബലം. 85-ാം മിനിറ്റിൽ പഞ്ചാബിന്‍റെ ലിയോൺ അഗസ്റ്റിനെ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ മുഹമ്മദ് സഹീഫ് ബോക്സിൽ വീഴ്ത്തിയതോടെയാണ് കളിക്ക് ചൂടുപിടിച്ചത്. അതിനു കിട്ടിയ പെനാൽട്ടി ലൂക്ക മയ് സെൻ ഗോളാക്കി.

തേൽവി മുന്നിൽ കണ്ടെങ്കിലും ഇൻജുറി ടൈമിൽ ജീസസ് ജിമെനെസിലൂടെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. എന്നാൽ കളിയവസാനിക്കാൻ സെക്കന്‍റുകൾ ബാക്കി നിൽക്കെ ഫിലിപ് മിർസിൽ ജാക്ക് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്‍റെ കഥ കഴിച്ചു. 

അവസാന നിമിഷം ഇരുടീമുകളും കയ്യാങ്കളിയിലേയ്ക്കും കടന്നു.

ENGLISH SUMMARY:

Kerala Blasters lost to Punjab FC by two goals to one