സൂപ്പർ ലീഗ് കേരളയില്‍ തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വോറിയേഴ്സും സമനിലയില്‍ പിരിഞ്ഞു. ഇരുടീമും ഓരോഗോള്‍ വീതം നേടി. പത്തുപേരുമായി കളിച്ച കൊമ്പന്‍സ് ഫൈനല്‍ വിസിലിന് അഞ്ചുമിനിറ്റ് ശേഷിക്കെയാണ് സമനില ഗോള്‍ നേടിയത്.
ആദ്യ പകുതിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ കണ്ണൂര്‍ വോറിയേഴ്‌സിനോട് ഒറ്റയാന്‍ ശ്രമങ്ങളിലൂടെമാത്രമായിരുന്നു കൊമ്പൻസിന്റെ മുന്നേറ്റങ്ങള്‍. ഒന്നാം പകുതി അവസാനിക്കാനിരിക്കെ തിരുവനന്തപുരം നായകന്‍ മോട്ട രണ്ടാം മഞ്ഞക്കാര്‍ഡും ഒപ്പം ചുവപ്പ് കാര്‍ഡും വാങ്ങി പുറത്തേക്ക്.
തുടർന്ന് പത്ത് പേരിലേക്ക് ചുരുങ്ങിയ കൊമ്പന്‍സിനെതിരെ രണ്ടാം പകുതിയില്‍ പകരക്കാരനെ ഇറക്കി കണ്ണൂർസ്‌ക്വാഡ് കളം മുറുക്കി. 57-ാം മിനിറ്റില്‍ കാമറൂണ്‍ താരം ഏണസ്റ്റന്‍ ലവ്‌സാംബ വോറിയേഴ്‌സിന് വേണ്ടി ഗോള്‍നേടി. മത്സരം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ കൊമ്പന്‍സിനായി ഗണേശനാണ് സമനില ഗോള്‍കരസ്ഥമാക്കിയത്.