real-athletico

ഫോട്ടോ: എഎഫ്പി

TOPICS COVERED

അത്​ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ റയല്‍ മാഡ്രിഡ് കളിക്കാരെ ലക്ഷ്യമാക്കി ഗ്യാലറിയില്‍ നിന്ന് വിസര്‍ജ്യം ഉള്‍പ്പെടെ എറിഞ്ഞതോടെ തടസപ്പെട്ട് മാ‍‍ഡ്രിഡ് ഡെര്‍ബി. 20 മിനിറ്റോളം കളി തടസപ്പെട്ടതിന് ശേഷം പുനരാരംഭിച്ചപ്പോള്‍ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. 2000ല്‍ എല്‍ ക്ലാസിക്കോ മത്സരത്തിന് ഇടയില്‍ ഗ്യാലറിയിലേക്ക് പന്നി തല എറിഞ്ഞതിന് സമാനമായ സംഭവങ്ങളാണ് അത്​ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടില്‍ ഇന്നലെ കണ്ടത്. 

2000ല്‍ ലൂയിസ് ഫിഗോ ബാര്‍സ വിട്ട് റയലിലേക്ക് ചേക്കേറിയതിന്റെ കലിപ്പിലായിരുന്നു പന്നി തല വരെ ഗ്രൗണ്ടിലേക്ക് എല്‍ ക്ലാസിക്കോയ്ക്ക് ഇടയില്‍ ആരാധകര്‍ എറിഞ്ഞത്. ഫിഗോ കോര്‍ണര്‍ കിക്ക് എടുക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ഇത്. ഇത്തവണ റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ കോര്‍ട്ടുവയ്ക്ക് നേരെയാണ് അത്​ലറ്റികോ മാഡ്രിഡ് ആരാധകര്‍ വിസര്‍ജ്യം നിറഞ്ഞ കിറ്റ് എറിഞ്ഞത്. 

രണ്ടാം പകുതിയിലെ 68ാം മിനിറ്റിലായിരുന്നു തനിക്ക് നേരെ കാണികള്‍ വസ്തുക്കള്‍ എറിയുന്നതായി കോര്‍ട്ടുവ റഫറിയോട് പരാതിപ്പെട്ടത്. മുഖം മൂടികളും ലൈറ്ററുകളുമെല്ലാം റയല്‍ ഗോള്‍കീപ്പര്‍ക്ക് നേരെ കാണികള്‍ എറിഞ്ഞു. അത്​ലറ്റിക്കോ താരങ്ങളായ കോക്കെ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ആരാധകരോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെ രണ്ട് ടീമിലേയും താരങ്ങളോട് ഡഗൗട്ടിലേക്ക് മടങ്ങാന്‍ റഫറി നിര്‍ദേശിച്ചു. 

റയലിന്റെ ബ്രസീലിയന്‍ താരം വിനിഷ്യസ് ജൂനിയറിന് നേരെ അധിക്ഷേപം നടത്താന്‍ അത്​ലറ്റികോ മാഡ്രിഡ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം നല്‍കിയിരുന്നു. ഒരു വര്‍ഷം മുന്‍പ് ബ്രസീലിയന്‍ താരത്തിന്റെ കോലം മാഡ്രിഡിലെ പാലത്തില്‍ അത്​ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ തൂക്കിയതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും ഉണ്ടാവുന്നത്. 

കളിയിലേക്ക് വരുമ്പോള്‍, 64ാം മിനിറ്റില്‍ എഡര്‍ മിലിറ്റാവോ ഗോള്‍ വല കുലുക്കിയതിന് പിന്നാലെയാണ് അത്​ലറ്റികോ മാഡ്രിഡ് ആരാധകര്‍ എല്ലാ പരിധിയും വിട്ട് പെരുമാറാന്‍ തുടങ്ങിയത്. വിനീഷ്യസിന്റെ ക്രോസില്‍ നിന്ന് ബുള്ളറ്റ് ഷോട്ടിലൂടെയാണ് എഡര്‍ മിലിറ്റാവോ റയലിന് ലീഡ് നേടിക്കൊടുത്തത്. കളി പുനരാരംഭിച്ചതിന് ശേഷം സമനില ഗോള്‍ പിടിക്കാന്‍ ഉറച്ചായിരുന്നു അത്​ലറ്റികോ മാഡ്രിഡിന്റെ കളി. ഗ്രീസ്മാന്റെ ഫ്രീകിക്ക് ക്രോസ്ബാറില്‍ ഉരുമി പോയത് അവര്‍ക്ക് തിരിച്ചടിയായി. 

ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് അത്​ലറ്റികോ മാഡ്രിഡ് സമനില പിടിച്ചത്. ഹാവി ഗലാന്റെ അസിസ്റ്റില്‍ നിന്ന് എയ്ഞ്ചല്‍ കൊറിയ വല കുലുക്കുകയായിരുന്നു. ഇത് ഓഫ് സൈഡ് ആണെന്ന വാദം റയല്‍ താരങ്ങള്‍ ഉയര്‍ത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ അനുവദിച്ചു. 

ENGLISH SUMMARY:

The Madrid derby was disrupted after Atletico Madrid fans threw excrement from the gallery at the Real Madrid players. The match was tied 1-1 when play resumed after a 20-minute suspension