അര്‍ജന്റൈന്‍ റഫറി ഫാല്‍കന്‍ പെരെസ് പെനാല്‍റ്റി കിക്കിനായി വിസില്‍ മുഴക്കിയതും ക്യാമറ കണ്ണുകള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്ക്. ഒരു നിമിഷം കണ്ണുകള്‍ അടച്ച്, ദീര്‍ഘനിശ്വാസമെടുത്തതിന് ശേഷം ക്രിസ്റ്റ്യാനോ പെനാല്‍റ്റി കിക്കെടുത്തു. അല്‍ നസറിനായി ക്രിസ്റ്റ്യാനോയുടെ 18ാമത്തെ പെനാല്‍റ്റി കിക്കായിരുന്നു അത്. പതിനെട്ടും വലയിലെത്തിച്ചാണ് 39ാം വയസിലും ക്രിസ്റ്റ്യാനോ വിസ്മയിപ്പിക്കുന്നത്.
ക്ലബ് ഫുട്ബോളില്‍ ഏറ്റവും അവസാനം ക്രിസ്റ്റ്യാനോയ്ക്ക് പെനാല്‍റ്റി കിക്ക് വലയിലാക്കാന്‍ കഴിയാതെ പോയത് 2022 ഫെബ്രുവരി നാലിനായിരുന്നു. എഫ്എ കപ്പില്‍ മിഡില്‍ബര്‍ഗിനെതിരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മത്സരത്തിലായിരുന്നു അത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ഇടയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ കളിച്ചപ്പോള്‍ പെനാല്‍റ്റി കിക്ക് വലയിലാക്കാന്‍ സാധിക്കാതെ പോയത് ഒരു വട്ടവും. 2024 യൂറോ കപ്പില്‍ സെര്‍ബിയക്കെതിരായ മത്സരത്തിലായിരുന്നു അത്.
അല്‍ നസര്‍ കുപ്പായത്തില്‍ ക്രിസ്റ്റ്യാനോ എടുത്ത 18 പെനാല്‍റ്റി കിക്കുകളില്‍ ഒന്നുപോലും തടയാന്‍ ഗോള്‍കീപ്പര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. ഈ 18 പെനാല്‍റ്റികളില്‍ ആറെണ്ണം മാത്രമാണ് അല്‍ നസറിന്റെ ഹോം ഗ്രൗണ്ടില്‍ നിന്ന് വന്നത്. എവേ മത്സരങ്ങളില്‍ നിന്നാണ് ബാക്കി 12 പെനാല്‍റ്റിയും ക്രിസ്റ്റ്യാനോ സ്കോര്‍ ചെയ്തത്.
അല്‍ ഒറോബായ്ക്ക് എതിരെ അല്‍ നസര്‍ 3-0ന് ജയിച്ചു കയറിയ കളിയില്‍ പെനാല്‍റ്റി സ്കോര്‍ ചെയ്തതിനൊപ്പം മാനെയുടെ ഗോളിന് വഴി തുറന്നതിന് പിന്നിലും ക്രിസ്റ്റ്യാനോ ഉണ്ടായിരുന്നു. ആദ്യ പകുതിയിലെ 31ാം മിനിറ്റില്‍ അല്‍ ഒറാബോ താരം ജീന്‍ സെറിയയുടെ ഹാന്‍ഡ് ബോളിനാണ് അല്‍ നസറിന് പെനാല്‍റ്റി ലഭിച്ചത്. ഇത് ക്രിസ്റ്റ്യാനോ വലയിലാക്കിയതിന് പിന്നാലെ 29ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ അസിസ്റ്റിലൂടെ മാനെ അല്‍ നസറിന്റെ ലീഡ് 2-0 ആയി ഉയര്‍ത്തി.71ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ തന്റെ രണ്ടാം ഗോള്‍ നേടി മാനെ അല്‍ നസറിന്റെ ജയം ആഘോഷമാക്കി.
അല്‍ നസറിനായി 2023-24 സീസണില്‍ 31 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകളാണ് ക്രിസ്റ്റ്യാനോ സ്കോര്‍ ചെയ്തത്. ഈ സീസണില്‍ സൗദി പ്രോ ലീഗില്‍ ആറ് കളിയില്‍ നിന്ന് അഞ്ച് ഗോളും രണ്ട് അസിസ്റ്റുമാണ് ക്രിസ്റ്റ്യാനോയുടെ അക്കൗണ്ടിലുള്ളത്. സൗദി സൂപ്പര്‍ കപ്പില്‍ രണ്ട് കളിയില്‍ നിന്ന് രണ്ട് ഗോളും ഒരു അസിസ്റ്റും നേടി.