kerala-blasters

ഫോട്ടോ: പിടിഐ

മുഹമ്മദന്‍സിനെ അവരുടെ തട്ടകത്തില്‍ വെച്ച് ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷം തിരികെ കയറി ജയം പിടിച്ചായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ബ്ലാസ്റ്റേഴ്സ് ജയത്തിലേക്ക് അടുക്കുന്നതിന് ഇടയില്‍ ഗ്യാലറിയില്‍  മുഹമ്മദന്‍സ് ആരാധകര്‍ സംഘര്‍ഷം സൃഷ്ടിച്ചതോടെ മത്സരം അഞ്ച് മിനിറ്റോളം തടസപ്പെട്ടു. ആരാധകര്‍ക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍. 

കൊല്‍ക്കത്തയില്‍ വെച്ച് ഞങ്ങളുടെ ആരാധകര്‍ക്ക് അതിക്രമം നേരിടേണ്ടി വന്നു എന്നത് ഞങ്ങളെ ഏറെ ആശങ്കയിലാക്കുന്നതാണ്. ഞങ്ങളുടെ തട്ടകത്തിനകത്തായാലും പുറത്തായാലും ഞങ്ങളുടെ ആരാധകരുടെ സുരക്ഷ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്, കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രസ്താവനയില്‍ പറയുന്നു. 

കൊല്‍ക്കത്തയിലെ ബന്ധപ്പെട്ട അധികാരികളുമായും ലീഗ് അധികൃതരുമായും ഞങ്ങള്‍ ബന്ധപ്പെടുകയും വേണ്ട നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സുരക്ഷിതമായ അന്തരീക്ഷത്തില്‍ ആരാധകര്‍ക്ക് കളി കാണാന്‍ സാധിക്കണം എന്ന് ഉറപ്പുവരുത്തേണ്ടത് ഏതൊരു ക്ലബിന്റേയും ഉത്തരവാദിത്വമാണ്. ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാവരുത്, ബ്ലാസ്റ്റേഴ്സ് പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു. 

നിശ്ചിത സമയം അവസാനിക്കാന്‍ നില്‍ക്കെ മുഹമ്മദന്‍സ് ആരാധകര്‍ ഗ്യാലറിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നേരെയും കളിക്കാര്‍ക്ക് നേരെയും കുപ്പികളും ചെരുപ്പുകളും മറ്റും വലിച്ചെറിയുകയായിരുന്നു. ഇരുടീമിലേയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമായതോടെ മത്സരം നിര്‍ത്തി വെച്ചു. 

കളിയിലേക്ക് വന്നാല്‍ 29ാം മിനിറ്റില്‍ മുഹമ്മദന്‍സ് പെനാല്‍റ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്സിന് എതിരെ ലീഡ് എടുത്തത്. ഫ്രാങ്കയെ ബോക്സിനുള്ളില്‍ സോംകുമാര്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി കാസിമോവ് വലയിലാക്കുകയായിരുന്നു. ഇതിനിടെ സുയ്ഡിക്കയുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരുക്കേറ്റ ലൂണ ബാന്‍ഡേജ് ഇട്ടായിരുന്നു പിന്നെ കളിച്ചത്. 

34ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് ജിമെനെസിലൂടെ ഗോള്‍ നേടുമെന്ന് തോന്നിച്ചു. നോഹയുടെ പാസില്‍ നിന്ന് ജിമെനെസ് തൊടുത്ത വോളി പോസ്റ്റിന്റെ മൂലയില്‍ തട്ടിയകലുകയായിരുന്നു. രണ്ടാം പകുതിയില്‍ പെപ്രയെ പകരക്കാരനായി ഇറക്കിയതോടെയാണ് ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. 

67ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് സമനില ഗോള്‍ പിടിച്ചത്. ഈ ഗോളിന് വഴി തുറന്നിട്ടത് ക്യാപ്റ്റന്‍ ലൂണയും. വലത് വിങ്ങില്‍ നിന്ന് ലൂണ നല്‍കിയ ക്രോസ് നോഹ ബോക്സിനുള്ളിലേക്ക് നല്‍കി. പെപ്ര പന്ത് വലയിലാക്കി ലക്ഷ്യം കാണുകയും ചെയ്തു. 75ാം മിനിറ്റില്‍ ജിമിനസിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍. നവോചയുടെ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെയാണ് ജിമിനസ് വല കുലുക്കിയത്. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Kerala Blasters came back to win after trailing by one goal against Muhammedans at home.