ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് നിരാശപ്പെടുത്തുന്ന തോൽവി. പിന്നിൽനിന്നും തിരിച്ചടിച്ച ഹൈദരാബാദ് എഫ്സി 2-1നാണ് ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ മുട്ടുകുത്തിച്ചത്. ഹൈദരാബാദ് എഫ്സിക്കായി ബ്രസീലിയൻ താരം ആന്ദ്രെ ആൽബ ഇരട്ടഗോൾ നേടി. 43, 70 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ 13–ാം മിനിറ്റിൽ ഹെസൂസ് ഹിമെനെ നേടി. ഹൈദരാബാദിന്റെ വിജയഗോളിലേക്കു വഴിതെളിച്ച പെനൽറ്റിക്ക് വിവാദത്തിന്റെ ചുവയുണ്ടായിരുന്നെങ്കിലും, ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽമികച്ച പ്രകടനവുമായി കളം നിറഞ്ഞ ഹൈദരാബാദിന്റെ അധ്വാനത്തിന് ലഭിച്ച പ്രതിഫലമായിരുന്നു ഈ ഗോൾ.
ഒപ്പം, ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തിയ ആദ്യപകുതിയിൽ ലഭിച്ച സുവർണാവസരങ്ങൾ മുതലെടുക്കുന്നതിൽ താരങ്ങൾക്കു സംഭവിച്ച പിഴവും ഈ തോൽവിയുടെ കാരണങ്ങൾക്കൊപ്പം കൂട്ടിവായിക്കാം. വിജയത്തോടെ ഏഴു കളികളിൽനിന്ന് രണ്ടു ജയവും ഒരു സമനിലയും സഹിതം 7 പോയിന്റുമായി ഹൈദരാബാദ് എഫ്സി 11–ാം സ്ഥാനത്തുതന്നെ തുടരുന്നു. എട്ടു മത്സരങ്ങളിൽനിന്ന് സീസണിലെ നാലാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് എട്ടു പോയിന്റുമായി 10–ാം സ്ഥാനത്തും തുടരുന്നു.