ആര്‍സനലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബയേണിന്‍റെ വിങ്ങര്‍ സനേയ്ക്ക് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയിലിറങ്ങുന്നതിനിടെ സൗദിയില്‍ നിന്നൊരു ട്രാന്‍സ്ഫര്‍ വാര്‍ത്തയാണ് ഫുട്ബോള്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ച് എത്തുന്നത്. പരുക്കേറ്റ നെയ്മറിന് പകരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ ഹിലാല്‍ ടീമിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടര്‍ന്ന് നെയ്മറിന് നാല് മുതല്‍ ആറ് ആഴ്ച വരെ നഷ്ടമാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ നെയ്മറുമായുള്ള കരാര്‍ അല്‍ ഹിലാല്‍ റദ്ദാക്കാന്‍ പോകുന്നതായാണ് സൂചന. കഴിഞ്ഞ തിങ്കളാഴ്ച എഎഫ്സി ചാംപ്യന്‍സ് ലീഗ് എലൈറ്റില്‍ എസ്റ്റെഗ്ലാലിനെതിരെ അല്‍ ഹിലാലിനായി നെയ്മര്‍ കളത്തിലിറങ്ങിയിരുന്നു. 58ാം മിനിറ്റില്‍ കളിക്കാനിറങ്ങിയ നെയ്മറിന് പക്ഷേ പരുക്കിനെ തുടര്‍ന്ന് പിന്മാറേണ്ടി വന്നു.
2025 ജൂണ്‍ വരെയാണ് നെയ്മറുമായുള്ള അല്‍ ഹിലാലിന്‍റെ കരാര്‍. 2023 ഓഗസ്റ്റില്‍ 90 മില്യണ്‍ യൂറോക്കായിരുന്നു അല്‍ ഹിലാല്‍ നെയ്മറെ സ്വന്തമാക്കിയത്. എന്നാല്‍ സൗദി ക്ലബിനായി നെയ്മര്‍ കളിച്ചത് ഏഴ് മത്സരങ്ങള്‍ മാത്രമാണ്. ജനുവരിയില്‍ നെയ്മറുമായുള്ള കരാര്‍ അല്‍ ഹിലാല്‍ അവസാനിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.
കോടികള്‍ മുടക്കി നെയ്മറെ കൊണ്ടുവന്നിട്ട് കാര്യമില്ലാതെ പോയെങ്കിലും ക്രിസ്റ്റ്യാനോയ്ക്കായി പണമെറിയാന്‍ തയ്യാറായി നില്‍ക്കുകയാണ് അല്‍ ഹിലാല്‍. അല്‍ നസറിന് വേണ്ടി 78 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകള്‍ ക്രിസ്റ്റ്യാനോ ഇതുവരെ നേടിക്കഴിഞ്ഞു.