അല്‍ നസറിന്‍റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെന്ന് റിപ്പോര്‍ട്ട്. സൗദി ക്ലബ്ബായ അല്‍ നസറുമായുള്ള കരാര്‍ അടുത്ത സമ്മര്‍ വരെയുണ്ടെങ്കിലും ടീമില്‍ തുടരുന്ന കാര്യത്തില്‍ താരം ഇതുവരേയും ഒന്നും വ്യക്തമാക്കിയിട്ടില്ല. കരാര്‍ പുതുക്കേണ്ടെന്ന തീരുമാനം താരം സ്വീകരിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റി റാഞ്ചിയേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 2022ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചാണ് താരം അല്‍ നസറിലെത്തിയത്.
നിലവിലെ സാഹചര്യത്തില്‍ പെപ് ഗ്വാര്‍ഡിയോളയ്ക്കൊപ്പമെത്തുന്നത് ക്രിസ്റ്റ്യാനോ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ സിറ്റിയെ കുറിച്ച് ആലോചിക്കാവുന്നതാണെന്നും അത് ടീമിനും പുതിയ ജീവന്‍ നല്‍കുമെന്നും സിഎന്‍എന്‍ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റായ ഡേവിസ് ചൂണ്ടിക്കാട്ടിയതോടെ റോണാള്‍ഡോയും പ്രതികരിച്ചു. 'ഫുട്ബോളില്‍ എപ്പോള്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല'- എന്ന് താരം പറഞ്ഞതോടെ 'അപ്പോള്‍ എതിര്‍പ്പില്ല' എന്നായിരുന്നു ഡേവിസിന്‍റെ മറുപടി.
അതിനിടെ ക്രിസ്റ്റ്യാനോ പിഎസ്ജിയിലേക്ക് എത്തിയേക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. അതേസമയം, വലിയ ടീമുകള്‍ക്കും പരിചയ സമ്പന്നരായ കളിക്കാര്‍ക്കും എന്താണ് ടീമിന്‍റെ പ്രശ്നമെന്നും എങ്ങനെ അത് പരിഹരിക്കണമെന്നും അറിയാമെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ മടങ്ങി വരുമെന്നും സിറ്റിയെ കുറിച്ച് താരം കൂട്ടിച്ചേര്‍ത്തു. ഗ്വാര്‍ഡിയോള മിടുക്കനും കഴിവുറ്റതുമായ കോച്ചാണെന്നും എവിടെയാണ് പ്രശ്നമെന്ന് അദ്ദേഹത്തിന് അറിയാമെന്നും മടങ്ങിവരവ് എളുപ്പമാണെന്നും റയലിന്‍റെ കാര്യവും അങ്ങനെയാണെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേര്‍ത്തു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും മാനേജര്‍ എറിക് ടെന്‍ഹാഗിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് 2022 ല്‍ താരം ക്ലബ് വിട്ടത്. പരസ്പരധാരണയിലായിരുന്നു ഈ പിരിയല്‍. കോച്ച് തഴഞ്ഞുവെന്ന് ആരോപിച്ച റോണാള്‍ഡോ ടോട്ടനത്തിനെതിരെ മുഴുവന്‍ സമയം കളിക്കാതെ ഗ്രൗണ്ട് വിട്ടതിനെ തുടര്‍ന്ന് സസ്പെന്‍ഷനും അന്ന് നേരിട്ടിരുന്നു. തന്നോട് ബഹുമാനമില്ലാത്തവരെ താനും ബഹുമാനിക്കില്ലെന്നായിരുന്നു താരത്തിന്‍റെ അന്നത്തെ നിലപാട്.
സൗദിയില്‍ താനും തന്‍റെ കുടുംബവും സന്തുഷ്ടരാണെന്നും പുതിയ ജീവിതത്തിനാണ് സൗദിയില്‍ തുടക്കമിട്ടതെന്നും ക്രിസ്റ്റ്യാനോ സൗദി മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവിതവും ഫുട്ബോളും നന്നായി പോകുന്നുവെന്നും വ്യക്തിയെന്ന നിലയിലും ടീം എന്ന നിലയിലും മുന്നോട്ടാണ് യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍ ബിലാല്‍, അല്‍ ഇത്തിഹാദ് പോലുള്ള ടീമുകളോടുള്ള മല്‍സരം അല്‍പം കടുപ്പമായിരുന്നു. എന്നാല്‍ മികച്ച പ്രകടനമാണ് അല്‍ നസര്‍ പുറത്തെടുത്തത്. കളിയില്‍ നല്ലതും മോശവുമായ പ്രകടനങ്ങളും നിമിഷങ്ങളുമുണ്ടാകും. എന്നെ സംബന്ധിച്ചടുത്തോളം പ്രഫഷനലായി, കഠിനാധ്വാനം ചെയ്ത്, ക്ലബിനെ ബഹുമാനിച്ച്, കരാറിനെ ബഹുമാനിച്ച് മുന്നോട്ട് പോകുകയെന്നതാണ് പ്രധാനം. ബാക്കിയെല്ലാം വഴിയേ വന്നോളുമെന്നും അല്‍ നസര്‍ കൂടുതല്‍ കിരീടങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി വിടുമെന്നുള്ള അഭ്യൂഹങ്ങള്‍ തള്ളുന്നതാണ് താരത്തിന്‍റെ ഈ നിലപാടെന്നാണ് ആരാധകര്‍ പറയുന്നത്. 21 വര്‍ഷത്തെ കരിയറിനിടയില്‍ അഞ്ച് തവണയാണ് റോണോ ബലോന്‍ ദ് ഓര്‍ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.