erling-haaland-01

നോര്‍വെ താരം എര്‍ലിങ് ഹാളന്റുമായി ഒന്‍പതര വര്‍ഷത്തെ കരാറിലെത്തി മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കരാറാണ് സിറ്റിയും ഹാളന്റും തമ്മില്‍ ഒപ്പുവച്ചത്. കോള്‍ പാമറുമായി ഒന്‍പത് വര്‍ഷത്തെ കരാറിലെത്തി ചെല്‍സികുറിച്ച റെക്കോര്‍ഡാണ് പഴങ്കഥയായത്. കരാര്‍ പ്രകാരം 24 കാരനായ ഹാളന്റ് 34 വയസുവരെ സിറ്റിയില്‍ തുടരുമെന്ന് ചുരുക്കും. 2027 വരെയുള്ള കരാര്‍ നിലനില്‍ക്കെയാണ് സിറ്റിയും സൂപ്പര്‍ താരവുമായി പുതിയ കരാറിലെത്തിയത്. പഴയ കരാറില്‍ റിലീസ് ക്ലോസായി നിശ്ചിത തുക ഉള്‍പ്പെടുത്തിയിരുന്നു. റിലീസ് ക്ലോസ് ഒഴിവാക്കിക്കൊണ്ടാണ് പുതിയ കരാര്‍. 

erling-haaland-02

ഹാളന്റ് ഒന്‍പതര വര്‍ഷത്തെ കരാറിലെത്തയ വിവരം വാര്‍ത്താസമ്മേളനത്തിനിടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള അറിയുന്നത്. സിറ്റിയോടുള്ള ഹാളന്റിന്റെ ആത്മാര്‍ഥതയും സ്നേഹവുമാണ് കരാറിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു ഗ്വാര്‍ഡിയോളയുടെ പ്രതികരണം.

മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ആല്‍ഫി ഹാളന്റിന്റെ മകനായ എര്‍ലിങ് ഹാളന്റ്  2022ല്‍ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നാണ് മാ‍ഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്.  മാഞ്ചസ്റ്റര്‍ സിറ്റി താരമായിരിക്കെ കാലിേനറ്റ പരുക്കിനെ തുടര്‍ന്നാണ് എര്‍ലിങ്ങിന്റെ പിതാവ് ആല്‍ഫി ഹാളന്റിന് കരിയര്‍ തന്നെ അവസാനിപ്പിക്കേണ്ടി വന്നത്. 

erling-haaland-03

സിറ്റിക്കായി ഇതുവരെ 125 മല്‍സരങ്ങളില്‍ നിന്ന് 111 ഗോളുകള്‍ നേടിയ ഹാളന്റ് കഴിഞ്ഞ രണ്ടുസീസണിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. സിറ്റിക്കൊപ്പമുള്ള ആദ്യ സീസണില്‍ തന്നെ 52 ഗോളുകളാണ് ഹാളന്റ് അടിച്ചുകൂട്ടിയത്.  പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ നിന്നുമാത്രം നേടിയതാകട്ടെ 36 ഗോളുകളും. ഇക്കണക്കിന് പോയാല്‍ അലര്‍ ഷിയററുടെ 260 പ്രീമിയര്‍ ലീഗ് ഗോളുകളെന്ന റെക്കോര്‍ഡും ഹാളന്റിന് അനായാസം മറികടക്കാം. ഹാളന്റ് കരാര്‍ പുതുക്കിയെന്ന ട്വീറ്റ് പങ്കുവച്ചുകൊണ്ട് 'ഇനി അധികസമയം വേണ്ടി വരില്ലല്ലോ ' എന്നാണ് ന്യൂകാസില്‍ ഇതിഹാസം ഷിയറര്‍ ട്വീറ്റ് ചെയ്തത്.

ENGLISH SUMMARY:

Manchester City has signed a historic nine-and-a-half-year contract with Norwegian star Erling Haaland, making it the longest deal in Premier League history. This surpasses Chelsea’s previous record of a nine-year contract with Cole Palmer.