Kerala-Blasters-secured-a-stunning-victory-against-Chennaiyin-FC

ഐ.എസ്.എല്ലില്‍ ചെന്നൈയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ്‌.സിയെ തോല്‍പിച്ചത്. കളം നിറഞ്ഞുകളിച്ച മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പുതുചരിത്രം കുറിച്ചു. മൂന്നാം മിനിറ്റില്‍ ജീസസ് ജിമിനെസിലൂടെ ഗോള്‍വേട്ട തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനായി 45+3 മിനിറ്റില്‍ കോറു സിങും, 56ാം മിനിറ്റില്‍ ക്വാമി പെപ്രയും സ്‌കോറര്‍മാരായി. 2021-22 സീസണിന് ശേഷം ഇതാദ്യമായി ചെന്നൈയിനെതിരെ ലീഗ് ഡബിളും ബ്ലാസ്‌റ്റേഴ്‌സ് തികച്ചു. 36ാം മിനിറ്റില്‍ പത്തുപേരായി ചുരുങ്ങിയ ചെന്നൈയിനായി വിന്‍സി ബരോറ്റോ പരിക്ക് സമയത്ത് ആശ്വാസ ഗോള്‍ കണ്ടെത്തി. ഏഴാം ജയത്തോടെ 24 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടര്‍ന്നു. ചെന്നൈയിന്‍ 18 പോയിന്റുമായി പത്താം സ്ഥാനത്തും.

ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ഫ്രെഡി ലല്ലാംമാവ്മ, വിബിന്‍ മോഹനന്‍, നോഹ സദൂയ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇറങ്ങിയില്ല. വലയ്ക്ക് മുന്നില്‍ സച്ചിന്‍ സുരേഷ് തുടര്‍ന്നു. പ്രതിരോധത്തില്‍ സന്ദീപ് സിങ്, മിലോസ് ഡ്രിന്‍സിച്ച്, റുയ്വാ ഹോര്‍മിപാം, നവോച്ച സിങ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി അഡ്രിയാന്‍ ലൂണ, ഡാനിഷ് ഫാറൂഖ്, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരായി അരങ്ങേറ്റക്കരാരന്‍ ലാല്‍തന്‍മാവിയ റെന്‍ത്‌ലെയ്, കോറു സിങ്, ക്വാമി പെപ്ര എന്നിവര്‍. ഏക സ്‌ട്രൈക്കറായി ജീസസ് ജിമിനെസ്. ചെന്നൈയിന്‍ ഗോള്‍മുഖത്ത് മുഹമ്മദ് നവാസ്. പ്രതിരോധത്തില്‍ ലാല്‍ ഡിന്‍പ്യൂയ, റ്യാന്‍ എഡ്വാര്‍ഡ്‌സ്, പ്രീതം കോട്ടാല്‍, റെന്ത്‌ലെയ്. മധ്യനിരയില്‍ കോര്‍ണര്‍ ഷീല്‍ഡ്‌സ്, നാംതെ, ഫാറൂഖ് ചൗധരി, ലൂകാസ് ബ്രാംബില്ല. മുന്നേറ്റത്തില്‍ ഇര്‍ഫാന്‍ യദ്‌വാഡും വില്‍മര്‍ ജോര്‍ദാന്‍ ഗില്ലും.

കളിതുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. മൂന്നാം മിനിറ്റില്‍ ആതിഥേയരുടെ വലയില്‍ പന്തെത്തി. ജിമിനെസും കോറു സിങും ചേര്‍ന്നുള്ള മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ചെന്നൈയിന്‍ പ്രതിരോധനിരയെ മറികടന്ന് പന്തുമായി കുതിച്ച കോറു സിങിനെ ബോക്‌സിന് തൊട്ടടുത്ത് വീഴ്ത്തിയെങ്കിലും, ജിമിനെസിലേക്ക് പന്തെത്തി. വലതുഭാഗത്ത് നിന്ന് ജീസസ് ജിമിനെസ് പായിച്ച ഷോട്ട് ചെന്നൈയിന്‍ ക്യാപ്റ്റന്‍ റയാന്‍ എഡ്വാര്‍ഡ്‌സിനെയും ഗോള്‍കീപ്പര്‍ നവാസിനെയും മറികടന്ന് വലയുടെ ഇടതുകോര്‍ണറിലെത്തി. 

ജിമിനെസിന്റെ 11ാം ഗോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ഏറ്റവും വേഗമേറിയ ഗോള്‍ കൂടിയായി മാറി. ചെന്നൈയിന്‍ തിരിച്ചടിക്ക് ശ്രമിച്ചു. വില്‍മര്‍-ഇര്‍ഫാന്‍ സഖ്യം ചേര്‍ന്ന് നടത്തിയ ഒരു ശ്രമം സച്ചിന്‍ സുരേഷ് വിഫലമാക്കി. 13ാം മിനിറ്റില്‍ ക്വാമി പെപ്ര നല്‍കിയ പന്തുമായി ബോക്‌സിലെത്തിയ ജിമിനെസ് ഇടതുവിങില്‍ മറ്റൊരു ശ്രമം കൂടി നടത്തി, പരിചയസമ്പന്നനായ നവാസ് പന്തിനെ തടഞ്ഞിട്ടു. മിനിറ്റുകള്‍ക്കപ്പുറം ഒപ്പമെത്താനുള്ള ചെന്നൈയുടെ ഒരു അവസരം കൂടി സച്ചിന്‍ സുരേഷ് നിഷേധിച്ചു. മനോഹരമായിരുന്നു കോര്‍ണര്‍ ഷില്‍ഡ്‌സിന്റെ ഫ്രീകിക്ക്. ബോക്‌സില്‍ കൃത്യം പന്ത് തലയില്‍ കുരുക്കിയ എഡ്വാര്‍ഡ് ഹെഡറിന് ശ്രമിച്ചു, വലയിലെത്തുമെന്നുറച്ചൊരു പന്തിനെ മികവോടെ സച്ചിന്‍ സുരേഷ് കൈപ്പിടിയിലൊതുക്കി.

കോര്‍ണര്‍ ഷീല്‍ഡ്‌സും വില്‍മറും ഫാറൂഖും ചേര്‍ന്നുള്ള നീക്കങ്ങളെ ബ്ലാസ്റ്റേ്‌സ് കൃത്യമായി പ്രതിരോധിച്ചു, കൗണ്ടര്‍ അറ്റാക്കിന് ടീം പരമാവധി ശ്രമിച്ചു. മിലോസ് ഡ്രിന്‍സിച്ചിനെ അപകടകരമായി ഫൗള്‍ ചെയ്തതിന് വില്‍മര്‍ ജോര്‍ദാന്‍ ഗില്ലിന് റഫറി ചുവപ്പ് കാര്‍ഡുയര്‍ത്തി, കളിയുടെ 36ാം മിനിറ്റില്‍ ചെന്നൈയിന്‍ നിര പത്തുപേരായി ചുരുങ്ങി. തൊട്ടടുത്ത നിമിഷം ഫ്രീകിക്കിലൂടെ കോര്‍ണര്‍ ഷീല്‍ഡ്‌സ് അപകട സൂചന നല്‍കിയെങ്കിലും പന്ത് ബ്ലാസ്റ്റേഴ്‌സിന്റെ പിന്‍നിര കടന്നില്ല. 

ബ്ലാസ്റ്റേഴ്‌സ് വീണ്ടും കൗണ്ടര്‍ അറ്റാക്കിന് ശ്രമിച്ചു, മൂന്ന് താരങ്ങളെ ഡ്രിബിള്‍ ചെയ്ത ജിമിനെസ് ബോക്‌സിനകത്ത് കടന്നെങ്കിലും പ്രതിരോധ താരം പന്ത് തട്ടിയെടുത്തു. പിന്നാലെ ലുക്കാസ് ബ്രാംബില്ലയുടെ ഒരു ഷോട്ടും വല കാണാതെ പുറത്തായി. ആദ്യപകുതിയുടെ അധിക സമയത്ത് ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ലീഡുയര്‍ത്തി. പെപ്രയ്ക്ക് പന്ത് ലഭിക്കുമ്പോള്‍ അഞ്ച് താരങ്ങളുണ്ടായിരുന്നു ബോക്‌സിനകത്ത്. പെപ്ര നേരിട്ട് ഷോട്ടിന് ശ്രമിക്കാതെ ലൂണയ്ക്ക് പന്ത് കൈമാറി. ക്യാപ്റ്റന്‍ കോറു സിങിന് പന്തൊരുക്കി, പതിനെട്ടുകാരന്‍ വലയുടെ ഇടതുമൂലയില്‍ പന്ത് നിക്ഷേപിച്ചു. രണ്ട് ഗോളിന്റെ ഊര്‍ജം നിറച്ച് ടീം രണ്ടാം പകുതിക്കായി പിരിഞ്ഞു.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിനായിരുന്നു പന്തില്‍ ആധിപത്യം. 54ാം മിനിറ്റില്‍ കോര്‍ണര്‍ ഷീല്‍ഡ്‌സിന്റെ ഷോട്ട് ലക്ഷ്യം തെറ്റി, രണ്ട് മിനിറ്റുകള്‍ക്കകം പെപ്രയിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡും ഉയര്‍ത്തി. ലൂണയായിരുന്നു ഗോളൊരുക്കിയത്. ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്നുള്ള ക്യാപ്റ്റന്റെ മനോഹര ക്രോസിലേക്ക് വലക്ക് മുന്നില്‍ കൃത്യം പെപ്രയുടെ കാലെത്തി, നിലംതൊടും മുന്നേ ഘാനക്കാരന്‍ ഇടങ്കാല്‍ കൊണ്ട്് വലയിലേക്ക് പന്തടിച്ചുകയറ്റി. ചെന്നൈയിന്‍ ഒരേസമയം മൂന്ന് മാറ്റങ്ങള്‍ വരുത്തി, സെറ്റ്പീസിലൂടെ സന്ദര്‍ശകരുടെ ലീഡ് കുറയ്ക്കാനായി ശ്രമം, ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കടുപ്പിച്ചു. പെപ്രയെയും ഹോര്‍മിപാമിനെയും കോച്ച് പിന്‍വലിച്ചു, വിബിന്‍ മോഹനനും ദുഷന്‍ ലഗാത്തോറും പകരക്കാരായി. 

69ാം മിനിറ്റിൽ ലാല്‍തന്‍മാവിയ വലങ്കാലന്‍ ഷോട്ടിലൂടെ ലീഡുയര്‍ത്താന്‍ ശ്രമിച്ചു. 80ാം മിനിറ്റില്‍ നോഹ സദൂയിയും ഇഷാന്‍ പണ്ഡിതയും കളത്തിലെത്തി, ജിമെനെസും ലാല്‍തന്‍മാവിയയും പിന്‍വാങ്ങി. സദൂയിയൂടെ ഡയറക്ട് ഫ്രീകിക്കില്‍ നിന്നുള്ള പന്ത് വലയ്ക്ക് മുകളിലൂടെ പറന്നു. വിബിന്‍ മോഹനന്റെ ഒരുഗ്രന്‍ ഷോട്ട് നവാസ് കുത്തിയകറ്റി. മറുഭാഗത്ത് ചെന്നൈയിനും ചില ഗോള്‍നീക്കങ്ങള്‍ നടത്തി. ഡാനിഷ് ഫാറൂഖിന് പകരം മുഹമ്മദ് അസ്ഹറിനെ ഇറക്കി ബ്ലാസ്റ്റേഴ്‌സ് അവസാന സബ്സ്റ്റിറ്റിയൂഷനും നടത്തി. പരിക്ക് സമയത്ത് ചെന്നൈയിന്‍, പകരതാരം വിന്‍സി ബരേറ്റോയിലൂടെ ആശ്വാസ ഗോള്‍ കണ്ടെത്തി ഫെബ്രുവരി 15ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത അങ്കം, കൊച്ചിയാണ് വേദി.

ENGLISH SUMMARY:

In the Indian Super League (ISL), Kerala Blasters secured a stunning victory against Chennaiyin FC, winning 3-1. In a dominant performance at the Jawaharlal Nehru Stadium in Chennai, the Blasters created history. Jesús Jiménez opened the scoring in the 3rd minute, followed by goals from Koru Singh (45+3') and Kwame Peprah (56'). This win marked the first league double over Chennaiyin since the 2021-22 season.