julian-alvarez

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍‌ട്ടറില്‍ അത്ലറ്റികോ മ‍ഡ്രിഡിന്റെ താരം ജൂലിയന്‍ അല്‍വാരസിന്റെ പെനല്‍റ്റി കിക്ക് വിവാദം തുടരുകയാണ്. അ‍ല്‍വാരസിന്റെ ഗോള്‍ ‘വാര്‍’ ചെക്കിലൂടെ അനുവദിച്ചില്ല. അല്‍വാരസ് പന്ത് രണ്ടുതവണ തൊടുന്നത് നിങ്ങളില്‍ ആരെങ്കിലും കണ്ടെങ്കില്‍ കയ്യുയര്‍ത്തൂ എന്നാണ് ടീം മാനേജര്‍ ഡീഗോ സിമിയോണി പ്രതികരിച്ചത്.

റയല്‍ മഡ്രിഡ്–അത്ലറ്റികോ മഡ്രിഡ് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ഇരുപാദത്തിലുമായി വിജയിയെ നിശ്ചയിക്കാന്‍ കഴിയാതിരുന്നതോടെ മല്‍സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. അത്‌ലറ്റിക്കോയ്ക്കായി അല്‍വാരസ് രണ്ടാം കിക്ക് എടുക്കാന്‍ സ്പോട്ടിലെത്തി. ഷോട്ട് റയല്‍ ഗോള്‍കീപ്പറെ മറികടന്ന് ഗോളായി. റയല്‍ താരം തൊട്ടടുത്ത കിക്കെട‌ുക്കാന്‍ എത്തിയപ്പോഴേക്കും അസിസ്റ്റന്‍റ് റഫറി, മല്‍സരം നിയന്ത്രിച്ച പോളണ്ടിന്റെ സിമോന്‍ മര്‍സിനിയാക്കിന് സന്ദേശമെത്തി. കിക്കെടുക്കും മുമ്പ് അല്‍വാരസ് രണ്ടുതവണ പന്തില്‍ സ്പര്‍ശിച്ചു എന്നായിരുന്നു ആ സന്ദേശം. പിന്നാലെ റഫറി ആ കിക്ക് പരിശോധിക്കാന്‍ വീഡിയോ അനലിസ്റ്റിന് വിട്ടു

പരിശോധനയില്‍ അല്‍വാരസ് കിക്കെടുക്കും മുമ്പ് പന്തില്‍ രണ്ടുവട്ടം സ്പര്‍ശിച്ചെന്ന് കണ്ടെത്തി. കിക്കെടുക്കാന്‍ എത്തിയ അല്‍വാരസ് ഷോട്ടുതിര്‍ക്കും മുന്ന് തെന്നിവീഴാന്‍ പോയി, തുടര്‍ന്ന് അല്‍വാരസിന്റെ ഇടതുകാല്‍, പന്തില്‍ സ്പര്‍ശിച്ചു. തുടര്‍ന്നായിരുന്നു ഷോട്ട്. ഫുട്ബോളിന്റെ നിയമങ്ങള്‍ നിര്‍ണയിക്കുന്ന രാജ്യാന്തര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെ നിയമപ്രകാരം പെനല്‍റ്റി കിക്ക് സമയത്ത് ഒരു ടച്ച് മാത്രമേ പാടുള്ളൂ. ഐഎഫ്എബിയുടെ ആര്‍ട്ടിക്കിള്‍ 14.1ല്‍ പറയുന്നത് മറ്റൊരു കളിക്കാരന്‍ പന്ത് തൊടുന്നതുവരെ കിക്കെടുക്കുന്നയാള്‍ക്ക് പന്ത് വീണ്ടും സ്പര്‍ശിക്കാന്‍ അനുവാദമില്ല. പന്ത് ക്രോസ് ബാറില്‍ തട്ടിയെത്തിയാലും സ്കോര്‍ ചെയ്യാനാവില്ല. കിക്കെടുക്കും മുമ്പ് അല്‍വാരസിന്റെ ഷോട്ടുതിര്‍ക്കുന്ന വലതുകാലിന് മുന്നേ ഇടതുകാല്‍ സ്പര്‍ശിച്ചുവെന്ന് വാര്‍ പരിശോധനയില്‍ വ്യക്തമായി. പിന്നാലെ ആ ഗോള്‍ അല്‍വാരസിനും അത്്ലറ്റികോ മഡ്രിഡിനും ലഭിച്ചില്ല.

മല്‍സരം അത്്ലറ്റിക്കോ തോറ്റതോടെ ടീം മാനേജര്‍ റഫറിയുടെ തീരുമാനം ചോദ്യംചെയ്തു. അല്‍വാരസ് പന്ത് രണ്ടുതവണ തൊടുന്നത് നിങ്ങളില്‍ ആരെങ്കിലും കണ്ടെങ്കില്‍ കയ്യുയര്‍ത്തൂ എന്നായിരുന്നു ടീം മാനേജര്‍ സിമിയോണിയുടെ പ്രതികരണം. അങ്ങനെ ആരെങ്കിലും കയ്യുയര്‍ത്തിയാല്‍ ബാക്കി പറയാമെന്നും സിമിയോണി പറയുന്നു. എംബാപ്പെയ്ക്ക് ഒരു ചാംപ്യന്‍സ് ലീഗ് കിരീടം എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ഗോള്‍ അനുവദിക്കാതിരുന്നതെന്ന് അത്്ലറ്റിക്കോയുടെ ആരാധകരും പറയുന്നു. ഫുട്ബോളില്‍ ഇതിന് മുമ്പ് മൂന്നുവട്ടം ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. അല്‍വാരസിന് ഗോള്‍ നിഷേധിച്ചത് ശരിയെന്ന് യുവേഫയും പ്രസ്താവിച്ചു. എന്നാല്‍ നിയമ പരിഷ്കരണത്തെക്കുറിച്ച് ചര്‍ച്ചയാവാമെന്നും യുവേഫ വ്യക്തമാക്കി.

ENGLISH SUMMARY:

Controversy Over Julian Alvarez's Penalty Kick in Champions League Pre-Quarterfinal