ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നെങ്കിലും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് മൂന്നാം ഐപിഎല്‍ കിരീടം ചൂടുന്നത് കാണാന്‍ ചെപ്പോക്കിലെ ഗ്യാലറിയില്‍ കിങ് ഖാന്‍ എത്തിയിരുന്നു. എന്‍95 മാസ്ക് ധരിച്ചാണ് ഷാരൂഖ് ഖാന്‍ ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് തന്റെ ടീം കിരീടം തൊട്ടതോടെ മാസ്ക് അഴിച്ച് ആഘോഷങ്ങളുടെ ഭാഗമായി. ഈ സമയം ടീം മെന്റര്‍ ഗൗതം ഗംഭീറിന് നേര്‍ക്ക് ഷാരൂഖ് ഖാന്‍ ബ്ലാങ്ക് ചെക്ക് നീട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ടീം മെന്റര്‍ സ്ഥാനത്ത് തുടരാന്‍ ഗംഭീറിനോട് ഷാരൂഖ് ആവശ്യപ്പെട്ടു. പിന്നാലെ ടീമിനെ കിരീടം ചൂടിച്ചതിന് ഗംഭീറിന് കിങ് ഖാന്റെ സ്നേഹ ചുംബനവും.
ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഗംഭീറിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നതോടെയാണ് കൊല്‍ക്കത്തയില്‍ തന്നെ ഗംഭീറിനെ നിര്‍ത്താന്‍ ഷാരൂഖ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭാര്യ ഗൗരി ഖാനും മക്കളായ ആര്യനും സുഹാനയും ഷാരൂഖിനൊപ്പം എത്തിയിരുന്നു. അഹമ്മദാബാദില്‍ നടന്ന ക്വാളിഫയറിന് പിന്നാലെയാണ് നിര്‍ജലീകരണത്തെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസം മുന്‍പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ ഫൈനലില്‍ ഹൈദരാബാദിന്റെ ഓരോ വിക്കറ്റ് വീഴുമ്പോഴും ഷാരൂഖ് ഖാന്‍ നിറഞ്ഞാസ്വദിച്ചു.
കലാശപ്പോരില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയത് മുതല്‍ ഹൈദരാബാദിന്റെ നീക്കങ്ങള്‍ പിഴയ്ക്കുകയായിരുന്നു. ആദ്യ ഓവറിലെ അഞ്ചാമത്തെ ഡെലിവറിയില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയെ സ്റ്റാര്‍ക് വീഴ്ത്തി. രണ്ടാമട്ടെ ഓവറില്‍ ട്രാവിസ് ഹെഡ് ഗോള്‍ഡന്‍ ഡക്ക്. 9 റണ്‍സ് എടുത്ത് നിന്ന രാഹുല്‍ ത്രിപാഠിയെ മടക്കിയയച്ച് വീണ്ടും സ്റ്റാര്‍ക്കിന്റെ പ്രഹരം. ഇതോടെ മികച്ച സ്കോര്‍ എന്നതിലേക്ക് എത്താനാവാതെ ഹൈദരാബാദ് വീണു. 24 റണ്‍സ് എടുത്ത കമിന്‍സ് ആണ് ഹൈദരാബാദ് നിരയിലെ ടോപ് സ്കോറര്‍.
കൊല്‍ക്കത്ത ആറ് ബോളര്‍മാരെ ഹൈദരാബാദിന് എതിരെ ഇറക്കിയപ്പോള്‍ ആറ് പേരും വിക്കറ്റ് വീഴ്ത്തി. സ്റ്റാര്‍ക് സുനില്‍ നരെയ്ന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും റസല്‍ മൂന്ന് വിക്കറ്റും. വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അരോര, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ചെയ്സ് ചെയ്ത് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് സുനില്‍ നരെയ്നെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഗുര്‍ബാസും വെങ്കടേഷ് അയ്യരും ചേര്‍ന്ന് 11 ഓവറില്‍ ജയത്തിലേക്ക് എത്തിച്ചു.