mumbai-indians-rohit

TOPICS COVERED

2025 ഐപിഎല്‍ സീസണിന് മുന്‍പ് മെഗാ താര ലേലമാണ് നടക്കാനിരിക്കുന്നത്. ഫ്രാഞ്ചൈസികള്‍ ഏതെല്ലാം താരങ്ങളെ ടീമില്‍ നിലനിര്‍ത്തും എന്നതിലേക്ക് ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടുമോ എന്നതും ക്രിക്കറ്റ് ലോകത്ത് ആകാംക്ഷ ഉണര്‍ത്തുന്ന ചോദ്യമാണ്. അതിനിടയിലാണ് രോഹിത് ശര്‍മയ്ക്കായി 50 കോടി രൂപയുടെ സാലറി പാക്കേജ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് മുന്‍പോട്ട് വെച്ചെന്ന അഭ്യൂഹങ്ങള്‍ വരുന്നത്. 

സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, ബുമ്ര എന്നിവരാണ് മുംബൈ ഇന്ത്യന്‍സ് നിരയിലെ പ്രധാനികള്‍. ഇവരെയെല്ലാം നിലനിര്‍ത്താന്‍ മുംബൈക്കാവുമോ? കഴിഞ്ഞ സീസണില്‍ രോഹിത് ശര്‍മയില്‍ നിന്ന് ക്യാപ്റ്റന്‍സി മാറ്റിയതിന് പിന്നാലെ വലിയ അലയൊലികളാണ് മുംബൈ ക്യാംപിലുണ്ടായത്. 

രോഹിത് ശര്‍മയ്ക്ക് മുന്‍പില്‍ 50 കോടി രൂപയുടെ സാലറി പാക്കേജ് വെച്ചോ എന്ന റിപ്പോര്‍ട്ടുകളോട് ഇപ്പോള്‍ പ്രതികരിക്കുകയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കെ. രോഹിത് ശര്‍മയുടെ പേര് താരലേലത്തിലേക്ക് വരുമോ ഇല്ലയോ എന്ന് നിങ്ങള്‍ക്കറിയുമോ എന്നായിരുന്നു സഞ്ജീവ് ഗോയങ്കെയുടെ മറുചോദ്യം. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ഉയരുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

രോഹിത്തിനെ മുംബൈ റിലീസ് ചെയ്യുമോ? താര ലേലത്തിലേക്ക് രോഹിത്തിന്റെ പേര് വരുമോ? വന്നാല്‍ തന്നെ ഫ്രാഞ്ചൈസിയുടെ കൈവശമുള്ള തുകയുടെ 50 ശതമാനവും ഒരു താരത്തിനായി ചിലവഴിക്കുമോ? പിന്നെ എങ്ങനെ മറ്റ് 22 താരങ്ങളെ മാനേജ് ചെയ്യും? അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ട് സഞ്ജീവ് ഗോയങ്കെ ചോദിക്കുന്നു. 

രോഹിത് ശര്‍മ നിങ്ങളുടെ റഡാറിലുണ്ടോ എന്ന ചോദ്യത്തിനോടും വ്യക്തമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എല്ലാവര്‍ക്കും വിഷ് ലിസ്റ്റ് ഉണ്ട്. ഏറ്റവും മികച്ച താരം, ഏറ്റവും മികച്ച ക്യാപ്റ്റന്‍ നമ്മുടെ ടീമില്‍ വരണം എന്നാണ് ആഗ്രഹിക്കുന്നത്. എന്താണ് ആഗ്രഹിക്കുന്നത് എന്നല്ല. എന്താണ് ലഭ്യമായത് എന്നതിലേക്കാണ് നോക്കുന്നത്. അത് വെച്ച് എന്തെല്ലാം ചെയ്യാനാവും എന്നതിലാണ് കാര്യം, സഞ്ജീവ് ഗോയങ്കെ പറഞ്ഞു. 

ENGLISH SUMMARY:

The mega star auction will be held before the 2025 IPL season. Fans are eagerly waiting to see which players the franchises will retain in the team. Whether Rohit Sharma will leave Mumbai Indians is also an exciting question in the cricket world.