രോഹിത് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള അസ്വാരസ്യം പരിഹരിച്ചത് വിരാട് കോലിയുടെ നേതൃത്വത്തിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്നത് വലിയ അലയൊലി സൃഷ്ടിച്ചിരുന്നു. മുംബൈ ക്യാംപ് രണ്ട് ചേരികളിലായി തിരിഞ്ഞു എന്ന റിപ്പോര്‍ട്ടുകളും ശക്തമായിരുന്നു.
രോഹിത്തും ഹര്‍ദിക്കും തമ്മിലുള്ള ഭിന്നത ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ ബാധിക്കുമോ എന്ന ആശങ്ക നിറഞ്ഞിരുന്നു. എന്നാല്‍ മുഖ്യ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിന്റേയും മുതിര്‍ന്ന താരമായ കോലിയുടേയും ഇടപെടലോടെ രോഹിത്തിനും ഹര്‍ദിക്കിനും ഇടയിലെ അസ്വാരസ്യങ്ങള്‍ ഇല്ലാതായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ക്യാംപെയ്നില്‍ ഉടനീളം ഉണ്ടായിരുന്ന ജേണലിസ്റ്റ് വിമല്‍ കുമാറിന്റെ പോഡ്കാസ്റ്റിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍. 'ട്വന്റി20 ലോകകപ്പിന്റെ ഭാഗമായി ഇന്ത്യയുടെ നെറ്റ്സിലെ പരിശീലനത്തിന്റെ ആദ്യ ദിവസം ഹര്‍ദിക്കും രോഹിത്തും പരസ്പരം സംസാരിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ദിനം ഇരുവരും ഒരുപാട് സമയം സംസാരിക്കുന്നത് കണ്ടു. ആ സമയം ക്യാമറയും ഒന്നും ഉണ്ടായിരുന്നില്ല. അതിന് ശേഷം വന്ന മൂന്ന് ദിവസവും രോഹിത്തും ഹര്‍ദിക്കും ഒരേ സമയം ബാറ്റ് ചെയ്തു, വിമല്‍ കുമാര്‍ തന്റെ പോഡ്കാസ്റ്റില്‍ പറയുന്നു.
ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹര്‍ദിക്കിനെ മുംബൈയിലെത്തിച്ച് ക്യാപ്റ്റന്‍സി നല്‍കുകയായിരുന്നു ടീം. അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് ടീമിനെ നയിച്ച രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് എതിരെ വലിയ അലയൊലിയാണ് ഉയര്‍ന്നത്. ഹര്‍ദിക്കിന് മുംബൈക്ക് പുറമെ ഹൈദരാബാദ്, അഹമ്മദാബാദ് വേദികളിലുമെല്ലാം ആരാധകരുടെ കൂവലുകള്‍ക്ക് വിധേയനാവേണ്ടി വന്നു.