ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ക്ക് മാച്ച് ഫീ പ്രഖ്യാപിച്ച് ബിസിസിഐ. ഓരോ മത്സരത്തിലും മാച്ച് ഫീ ആയി 7.5 ലക്ഷം രൂപയാണ് കളിക്കാര്‍ക്ക് ലഭിക്കുക. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.
ഓരോ താരങ്ങള്‍ക്കും മാച്ച് ഫീ നല്‍കുന്നതിനായി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐ 12.60 കോടി രൂപ വീതം നല്‍കും. സീസണിലെ എല്ലാ മത്സരത്തിലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ 1.05 കോടി രൂപ മാച്ച് ഫീയായി താരത്തിന് ലഭിക്കും. ഇത് ഐപിഎല്ലിലെ പുതുയുഗം എന്നാണ് ഐപിഎല്‍ കളിക്കാര്‍ക്ക് മാച്ച് ഫീ പ്രഖ്യാപിച്ചുകൊണ്ട് ജയ് ഷാ എക്സില്‍ കുറിച്ചത്.
അതേസമയം ഐപിഎല്‍ താര ലേലത്തിന് മുന്‍പായി എത്ര താരങ്ങളെ ടീമില്‍ നിലനിര്‍ത്താം എന്നതില്‍ തീരുമാനമായി. ആറ് കളിക്കാരെയാണ് ഓരോ ഫ്രാഞ്ചൈസിക്കും ടീമില്‍ നിലനിര്‍ത്താനാവുക. കഴിഞ്ഞ തവണ നാല് താരങ്ങളെ നിലനിര്‍ത്താനായിരുന്നു അനുമതി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് ആറ് കളിക്കാരെ ടീമില്‍ നിലനിര്‍ത്താം എന്ന തീരുമാനം ഉണ്ടായത്.
ഐപിഎല്‍ ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയതിന് ശേഷം സീസണില്‍ നിന്ന് പിന്മാറുന്ന താരങ്ങളെ വിലക്കാനും ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനമായി. പിന്നെ വരുന്ന രണ്ട് സീസണുകളില്‍ ഇവരെ താര ലേലത്തില്‍ പങ്കെടുപ്പിക്കുകയോ കളിക്കാന്‍ അനുവദിക്കുകയോ ഇല്ല. അഞ്ച് വര്‍ഷമായി രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്ത താരങ്ങളെ അണ്‍ക്യാപ്പ്ഡ് താരങ്ങളായി പരിഗണിക്കാനും തീരുമാനമായി.