bumrah-rohit-hardik

ഐപിഎല്‍ മെഗാ താര ലേലത്തിന് മുന്‍പ് ഫ്രാഞ്ചൈസികള്‍ ആരെയെല്ലാം ടീമില്‍ നിലനിര്‍ത്തും എന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. ആറ് താരങ്ങളെയാണ് ടീമില്‍ നിലനിര്‍ത്താനാവുക. അഞ്ച് ക്യാപ്പ്ഡ് താരങ്ങളും ഒരു അണ്‍ക്യാപ്പഡ് താരവും. അല്ലെങ്കില്‍ നാല് ക്യാപ്പ്ഡ് താരങ്ങളും രണ്ട് അണ്‍ക്യാപ്പ്ഡ് താരങ്ങളും. ഇതില്‍ താര സമ്പന്നമായ മുംബൈ ഇന്ത്യന്‍സിന് ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര, രോഹിത് ശര്‍മ എന്നിവരെ ഒരുമിച്ച് ടീമില്‍ നിലനിര്‍ത്താന്‍ സാധിച്ചേക്കില്ല എന്ന സൂചനകളാണ് വരുന്നത്. 

2024 ഒക്ടോബര്‍ 31ന് ഉള്ളില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ദേശിയ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരത്തെയാണ് അണ്‍ക്യാപ്ഡ് താരമായി പരിഗണിക്കുന്നത്. ഇതിനൊപ്പം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ആയ താരങ്ങളേയും ഈ ഐപിഎല്‍ സീസണ്‍ മുതല്‍ അണ്‍ക്യാപ്ഡ് താരമായി പരിഗണിക്കും. 

അഞ്ച് ക്യാപ്പ്ഡ് താരങ്ങളെ നിലനിര്‍ത്താന്‍ ഒരു ഫ്രാഞ്ചൈസി തീരുമാനിച്ചാല്‍ ഫസ്റ്റ് ചോയിസ് ആയ താരത്തിന് 18 കോടി രൂപയാവും പ്രതിഫലം. രണ്ടാമത്തെ താരത്തിന് 14 കോടി രൂപയും മൂന്നാമത്തെ താരത്തിന് 11 കോടി രൂപയും. പിന്നെ നിലനിര്‍ത്തുന്ന രണ്ട് താരങ്ങള്‍ക്ക് 18 കോടി രൂപയും 14 കോടി രൂപയുമാണ് നല്‍കേണ്ടത്. നിലനിര്‍ത്തുന്ന അണ്‍ക്യാപ്പ്ഡ് താരത്തിന്‍റെ പ്രതിഫലം നാല് കോടി രൂപയാണ്. 

അഞ്ച് ക്യാപ്പ്ഡ് താരങ്ങളെയും ഒരു അണ്‍ക്യാപ്പ്ഡ് താരത്തേയുമാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തുന്നത് എങ്കില്‍ 79 കോടി രൂപയാണ് ഫ്രാഞ്ചൈസിക്ക് ചിലവാകുക. നാല് ക്യാപ്പ്ഡ് താരങ്ങളേയും രണ്ട് അണ്‍ക്യാപ്പ്ഡ് താരങ്ങളേയുമാണ് നിലനിര്‍ത്തുന്നത് എങ്കില്‍ ചിലവാകുക 69 കോടി രൂപയും. 

ഓരോ ഫ്രാഞ്ചൈസിക്കും താര ലേലത്തിനായും അതിന് മുന്‍പ് താരങ്ങളെ ടീമില്‍ നിലനിര്‍ത്തുന്നതിനായും പരമാവധി ഉപയോഗിക്കാനാവുക  120 കോടി രൂപയാണ്. 18 കോടി മുടക്കി രണ്ട് താരങ്ങളെ ഫ്രാഞ്ചൈസികള്‍ ടീമില്‍ നിലനിര്‍ത്തുന്നത് ഒഴിവാക്കാനാണ് സാധ്യത. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് മുന്‍പിലെ പ്രശ്നം കുറച്ച് കൂടി സങ്കീര്‍ണമാണ്. 

18 കോടി പ്രതിഫലത്തില്‍ നിലനിര്‍ത്തേണ്ട  നാല് താരങ്ങള്‍ മുംബൈ ഇന്ത്യന്‍സിലുണ്ട്. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍. ഇതിനൊപ്പം യുവ താരങ്ങളായ ഇഷാന്‍ കിഷനേയും തിലക് വര്‍മയേയും പരിഗണിക്കുകയും വേണം. രണ്ട് താരങ്ങളെ മാത്രമാണ് 18 കോടിക്ക് നിലനിര്‍ത്താനാവുക എന്ന് വരുമ്പോള്‍ ഈ നാല് പേരില്‍ ആരെല്ലാം മുംബൈയില്‍ തുടരും എന്ന ചോദ്യം ഉയരുന്നു. 

79 കോടി രൂപയ്ക്ക് ആറ് താരങ്ങളെ നിലനിര്‍ത്തിയാല്‍ പിന്നെ 41 കോടി രൂപയാണ് താര ലേലത്തില്‍ ഉപയോഗിക്കാനായി ഫ്രാഞ്ചൈസികളുടെ കയ്യിലുണ്ടാവുക. ഇതും 18 കോടി രൂപയ്ക്ക് രണ്ട് താരങ്ങളെ ടീമില്‍ നിലനിര്‍ത്തുക എന്ന ചിന്തയില്‍ നിന്ന് ഫ്രാഞ്ചൈസികളെ പിന്തിരിപ്പിക്കാനാണ് സാധ്യത.