ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാലേലത്തിനു മുന്നോടിയായി നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് പുറത്തു വിട്ട് ടീമുകള്‍. അടുത്ത സീസണിനു മുന്‍പ് തങ്ങള്‍ക്കൊപ്പം ആരൊക്കെയുണ്ടാവുമെന്നാണ് പത്തു ഫ്രാഞ്ചൈസികളും ബിസിസിഐയെ അറിയിച്ചിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ നായകന്‍ ശ്രേയസ് അയ്യരെ ഒഴിവാക്കി. ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്ത്, ലക്നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ എന്നിവരെയും ടീമുകള്‍ നിലനിര്‍ത്തിയില്ല. ധോണിയെ ചെന്നൈ നിലനിര്‍ത്തി. 

അടുത്ത സീസണിലും ടീമിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കുമെന്നു മുംബൈ ഇന്ത്യന്‍സ്‌. രോഹിത് ശര്‍മയെ 16.5 കോടിക്ക് മുംബൈ നിലനിര്‍ത്തി. റിതുരാജ് ഗെയ്ക്വാദിനും രവീന്ദ്ര ജഡേജയ്ക്കും 18 കോടി രൂപ വീതം സിഎസ്‌കെ നല്‍കും. പതിരാന (13 കോടി), ശിവം ദുബെ (12 കോടി), എംഎസ് ധോണി (അണ്‍ക്യാപ്ഡ്, 4 കോടി) എന്നിവരാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തിയവര്‍.

ഐപിഎല്ലിന്റെ അടുത്ത സീസണിലേക്ക് മൂന്നു താരങ്ങളെ മാത്രം നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ക്യാപ്റ്റൻ വിരാട് കോലിക്ക് ആര്‍സിബി 21 കോടി രൂപ നൽകും. വിവിധ ടീമുകൾ താരങ്ങൾക്കായി മുടക്കിയതിൽ രണ്ടാമത്തെ കൂടിയ തുകയാണിത്. ഇന്ത്യൻ താരങ്ങളായ രജത് പാട്ടീദാർ (11 കോടി), പേസർ യാഷ് ദയാൽ (അഞ്ചു കോടി) എന്നിവരെയും ആർസിബി നിലനിർത്തിയിട്ടുണ്ട്. അതേസമയം പേസർ മുഹമ്മദ് സിറാജിനെ ബെഗളൂരു നിലനിര്‍ത്തിയില്ല. 

ഓൾ റൗണ്ടർ അക്ഷര്‍ പട്ടേൽ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനാകുമെന്ന് ഏറക്കുറെ ഉറപ്പായി. 16.50 കോടി നൽകിയാണ് ഡൽഹി അക്ഷറിനെ ടീമിനൊപ്പം നിർത്തിയത്. സ്പിന്നർ കുൽദീപ് യാദവിന് 13.25 കോടി ലഭിക്കും. ട്രിസ്റ്റൻ സ്റ്റബ്സ് (10 കോടി), അഭിഷേക് പൊറേൽ (നാലു കോടി) എന്നിവരാണ് ഡൽഹി നിലനിർത്തിയ മറ്റു താരങ്ങൾ. നിലവിലെ ക്യാപ്റ്റനായ ഋഷഭ് പന്ത് ടീം വിടുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

ലക്നൗ സൂപ്പർ ജയന്റ്സ് വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാനെ 21 കോടി രൂപ നൽകി നിലനിർത്തി. ലക്നൗ നിലനിർത്തിയ ഏക വിദേശ താരമാണ് പുരാന്‍. ക്യാപ്റ്റൻ കെ.എൽ. രാഹുൽ ടീം വിട്ട് ലേലത്തിന്റെ ഭാഗമാകും. ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയി, പേസർ മയങ്ക് യാദവ് എന്നിവർക്ക് 11 കോടി രൂപ വീതം നൽകും. മൊഹ്സിൻ ഖാൻ (നാലു കോടി), ആയുഷ് ബദോനി (നാലു കോടി) എന്നിവരും ലക്നൗ നിലനിര്‍ത്തിയ താരങ്ങളിൽ പെടും.

ഐപിഎൽ താരലേലത്തിനു മുന്നോടിയായി ആറു താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും. ക്യാപ്റ്റൻ സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്സ്വാൾ (18 കോടി), റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറെൽ (14 കോടി), ഷിമ്രോൺ ഹെറ്റ്മിയർ (11 കോടി), സന്ദീപ് ശർമ (നാലു കോടി) എന്നിവരെയാണ് രാജസ്ഥാൻ അടുത്ത സീസണിലേക്കു നിലനിർത്തിയത്.

ഇതോടെ ഇംഗ്ലണ്ട് താരം ജോസ് ബട്‍ലർ, സ്പിന്നർ യുസ്‍വേന്ദ്രെ ചെഹൽ, ആർ. അശ്വിൻ എന്നിവർ അടുത്ത മാസം നടക്കുന്ന മെഗാ ലേലത്തിൽ പങ്കെടുക്കുമെന്നുറപ്പായി. നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ആറു താരങ്ങളെ നിലനിർത്തിയിട്ടുണ്ട്. റിങ്കു സിങ്ങാണ് നിലനിർത്തിയതിൽ വിലയേറിയ താരം. 13 കോടിയാണ് റിങ്കുവിന്റെ പ്രതിഫലം.

വരുണ്‍ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ എന്നിവർക്കു 12 കോടി രൂപ വീതം ലഭിക്കും. ഇന്ത്യൻ താരങ്ങളായ രമൺദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരെ കൊൽക്കത്ത നാലു കോടിക്കു നിലനിർത്തി. കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടീം വിട്ട് ലേലത്തിന്റെ ഭാഗമാകും.

അഞ്ചു താരങ്ങളെയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയത്. ഹെന്‍റിച്ച് ക്ലാസനാണ് (23 കോടി) ഏറ്റവും ഉയര്‍ന്ന പ്രതിഫലം. പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി), ട്രാവിസ് ഹെഡ് (14 കോടി) എന്നിവരാണ് നിലനിര്‍ത്തിയ കളിക്കാര്‍.

ENGLISH SUMMARY:

IPL 2025 retentions retained released players , Rishabh Pant, KL Rahul Enter Auction; Virat Kohli, MS Dhoni Retained