ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തില്‍ അതിവേഗ സെഞ്ച്വറി നേടിയതോടെ മലയാളി താരം സഞ്ജു സാംസന്‍റെ മൂല്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഐപിഎല്‍ സീസണ്‍ 2025 താരലേലത്തിന് മുമ്പ് തന്നെ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിട്ടുണ്ട്.
ജിയോസിനിമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സഞ്ജുവിനെ ഒന്നാം നമ്പറായി നിലനിര്‍ത്താനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കോച്ചുമായ രാഹുല്‍ ദ്രാവിഡ്.
' വര്‍ഷങ്ങളായി ടീമിനെ നയിക്കുന്നത് സഞ്ജുവാണ്. ഞങ്ങളുടെ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനും അവന്‍ തന്നെ.. സ്വാഭാവികമായും സഞ്ജുവിനെ നിലനിര്‍ത്തുന്നതിനെ കുറിച്ച് വേറേ ആലോചിക്കേണ്ട കാര്യമില്ലല്ലോ.. സഞ്ജു തന്നെയായിരിക്കും ഭാവിയിലും ഞങ്ങളുടെ ക്യാപ്റ്റന്‍. ഞങ്ങളെ സംബന്ധിച്ചിടത്തോളം മികച്ച ഒരു റീട്ടെയ്‌നര്‍ പിക്കായിരുന്നു സഞ്ജു. ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണം എന്ന കാര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുള്ളത് സഞ്ജുവാണ്', ദ്രാവിഡ് വ്യക്തമാക്കി.
സഞ്ജു സാംസണെ 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ ടീം നിലനിർത്തിയത്. ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി സഞ്ജുവിനെ കൂടാതെ ചില താരങ്ങളെ കൂടി നിലനിർത്തിയിട്ടുണ്ട്.
യശസ്വി ജയ്സ്വാൾ, ധ്രൂവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്മയർ, സന്ദീപ് ശർമ എന്നിവർ രാജസ്ഥാൻ റോയൽസിൽ തുടരും. ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ, ജോസ് ബട്ലർ, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരെ രാജസ്ഥാൻ നിലനിർത്തിയില്ല. ഇപ്പോൾ നിലനിർത്തിയ താരങ്ങൾ രാജസ്ഥാൻ നിരയിൽ സ്ഥാനം അർഹിക്കുന്നവരാണെന്നും ദ്രാവിഡ് പറഞ്ഞു.