ഐപിഎല്‍ താര ലേലം കഴിയുമ്പോള്‍ സന്തുലിതമായ ടീമായി മാറുന്നത് ആരെല്ലാം ആണെന്ന കണക്കുകൂട്ടലുകളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. അതിനിടയില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെൻഡുൽക്കർ ലേലത്തില്‍ ഏതെങ്കിലും ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇത്തവണയും അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടില്ല.
30 ലക്ഷം രൂപയായിരുന്നു അര്‍ജുന്‍റെ അടിസ്ഥാന വില. ആദ്യ റൗണ്ടില്‍ അര്‍ജുനെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികളാരും മുന്‍പോട്ട് വന്നില്ല. എന്നാല്‍ അണ്‍സോള്‍ഡ് ലിസ്റ്റില്‍ നിന്നും പിന്നെ അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സ്ക്വഡിലെത്തിക്കുന്നു. അര്‍ജുനെ മുംബൈ സ്വന്തമാക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും നിറയുന്നുണ്ട്. മുംബൈ അര്‍ജുനെ വാങ്ങും എന്നത് ഉറപ്പായിരുന്നു എന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍.
ഇത് തുടര്‍ച്ചയായ നാലാം വട്ടമാണ് അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുന്നത്. 2021ല്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു അര്‍ജുനെ മുംബൈ ടീമിലെത്തിച്ചത്. 2022ലെ താരലേലത്തില്‍ മുംബൈ അര്‍ജുനെ സ്വന്തമാക്കിയത് 30 ലക്ഷം രൂപയ്ക്കും. 2023 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെയായിരുന്നു അര്‍ജുന്റെ ഐപിഎല്‍ അരങ്ങേറ്റം. പൃഥ്വി ഷാ ഒരുവശത്ത് അണ്‍സോള്‍ഡ് ആവുമ്പോള്‍ അര്‍ജുനെ മുംബൈ സ്വന്തമാക്കുന്നു എന്ന കമന്റുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.