ഇരുതലവാളിന്റെ മൂര്‍ച്ചയോടെയാണ് ഇക്കുറി മുംബൈ ഇന്ത്യന്‍സിന്റെ വരവ്. കഴിഞ്ഞ വര്‍ഷത്തെ പത്താം സ്ഥാനം കിരീടമാക്കി മാറ്റാന്‍ ഉറച്ചായിരുന്നു താരരേലത്തില്‍ ടീം ഇറങ്ങിത്തിരിച്ചത്. പരുക്ക് ഭേദമായി ജസ്പ്രീത് ബുംറ തിരിച്ചെത്തും വരെ ഡെത്ത് ഓവര്‍ ബോളിങ് മാത്രമാണ് മുംബൈയ്ക്ക് അല്‍പമെങ്കിലും ആശങ്ക.
ദൈവത്തിന്റെ പോരാളികള്‍ തോറ്റുതുടങ്ങുമെന്ന് പറയാറുണ്ടെങ്കിലും അവസാനിപ്പിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ചുവട്ടം ഐപിഎല്‍ കിരീടവുമുണ്ടായിരുന്നു. കഴിഞ്ഞ തവണ 14 മല്‍സരങ്ങളില്‍ പത്തിലും തോറ്റ മുംബൈയുടെ, ഇത്തവണത്ത ബോളിങ് നിര കണ്ടുതന്നെ എതിരാളികള്‍ വിറച്ചു. പേസര്‍മാരായി ജസ്പ്രീത് ബുംറ, ട്രെന്‍ഡ് ബോള്‍ട്ട്, ദീപക് ചഹര്‍. സ്പിന്നര്‍മാരായി മിച്ചല്‍ സാന്റനറും മുജീബുര്‍ റഹ്മാനും കാന്‍ ശര്‍മയും. ട്രെന്‍ഡ് ബോള്‍ട്ടും ദീപക് ചഹറും പവര്‍പ്ലേയില്‍ പന്തെറിയുമ്പോള്‍ അവസാന ഓവറുകളാണ് ജസ്പ്രീത് ബുംറ വരുംവരെ ആശങ്കയാകുന്നത്. ഐപിഎല്‍ മുന്‍പരിചയമില്ലാത്ത വിദേശതാരങ്ങളാണ് ഇക്കുറി ഏറെയും.
ദക്ഷിണാഫ്രിക്കയുടെ റയാന്‍ റിക്കല്‍റ്റനായിരിക്കും രോഹിത്തിനൊപ്പം ഓപ്പണര്‍. ചാംപ്യന്‍സ് ട്രോഫിയില്‍ സെഞ്ചുറിയോടെ തിളങ്ങിയ റിക്കല്‍റ്റന്‍ സൗത്ത് ആഫ്രിക്ക ട്വന്റി 20 ലീഗില്‍ 178 ശരാശരിയിലാണ് റണ്‍സ് അടിച്ചെടുത്തത്. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് ക്യാപറ്റന്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന മധ്യനിര ഏത് സ്കോറും അടിച്ചെടുക്കാനും പിന്തുടര്‍ന്ന് പിടിച്ചെടുക്കാന്‍ കരുത്തുള്ളവര്‍. ഞായറാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് മുംബൈയുടെ ആദ്യമല്‍സരം.