Image Credit: Instagram/ rajasthanroyals
ഐപിഎല്ലില്‍ ലേലത്തിലൂടെ കരാറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവ് സൂര്യവന്‍ഷിയുമായി കരാറിലെത്തിയത്. ഈ സീസണില്‍ ഐപിഎല്ലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാന്‍ പോവുകയാണ് വൈഭവ്.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനമാണ് വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്ക് എത്തിച്ചത്. 2024 സീസണില്‍ ബറോഡയ്ക്കെതിരെ ബിഹാറിന് വേണ്ടി 42 പന്തില്‍ 71 നേടിയ വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റില്‍ അര്‍ധ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. ചെന്നൈയല്‍ ഓസീസിനെതിരെ നടന്ന ടെസ്റ്റില്‍ 58 പന്തില്‍ സെഞ്ചറിയോടെ ഇന്ത്യന്‍ താരത്തന്‍റെ വേഗതയേറിയ സെഞ്ചറിയും വൈഭവിന്‍റെ പേരിലാണ്. അണ്ടര്‍ 19 ഏഷ്യാകപ്പ് കളിച്ച താരം രണ്ട് അര്‍ധ സെഞ്ചറികളും നേടി.
ഈ പ്രകടമെല്ലാം ഉണ്ടെങ്കിലും വൈഭവ് ഇത്തവണ ഐപിഎല്ലില്‍ അരങ്ങേറുമോ എന്നതില്‍ ഉറപ്പ് പറയാനാകില്ലെന്നാണ് രാജസ്ഥന്‍റെ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ സൂചിപ്പിക്കുന്നത്. വൈഭവിന്‍റെ അവിശ്വസനീയമായ കഴിവിനെ അംഗീകരിക്കുമ്പോൾ തന്നെ, ടീമിന്റെ തന്ത്രത്തിന് അടിസ്ഥാനമാക്കി മാത്രമെ വൈഭവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്ന് കോച്ച് വ്യക്തമാക്കി.
'ടീമിലുണ്ടാകുമോ എന്നതില്‍ ഉറപ്പ് പറയാനാകില്ല, ടീം തന്ത്രവും സാഹചര്യവും എതിരാളികളെയും അനുസരിച്ചായിരിക്കും തീരുമാനം. പ്രത്യേകതയുള്ള താരമായതിനാലാണ് വൈഭവിനെ ടീമിലേക്ക് കൊണ്ടുവന്നത്. അവൻ കഠിനാധ്വാനം ചെയ്താൽ അവൻ ഒരു മികച്ച കളിക്കാരനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്' എന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 23 ന് ഹൈദരാബാദില്‍ സണ്‌റൈസേഴ്സ് ഹൈദരാബാദുമായാണ് രാജസ്ഥാന്‍റെ ആദ്യ മത്സരം.